ഇന്ത്യയിലെ ആദ്യ ഹീലിയം റിക്കവറി ഡെമോൺസ്‌ട്രേഷൻ പ്ലാൻ്റ് (Helium Recovery Demonstration Plant) വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ONGC) ഗവേഷണ വികസന വിഭാഗമായ ഒഇസിടി (OECT) എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡുമായി (EIL) കരാർ ഒപ്പിട്ടു. ഒഎൻജിസിയുടെ തമിഴ്നാട് കുത്താലം ഗ്യാസ് കലക്ഷൻ സ്റ്റേഷനിൽ വരുന്ന പ്ലാന്റിനായി 39.42 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം.

ബഹിരാകാശ പര്യവേക്ഷണം, സെമികണ്ടക്ടർ നിർമ്മാണം, ക്രയോജനിക്സ്, ഫൈബർ ഒപ്റ്റിക്സ്, മെഡിക്കൽ സാങ്കേതികവിദ്യകൾ എന്നിവയിൽ ഉപയോഗിക്കുന്ന പ്രധാന വാതകമാണ് ഹീലിയം. നിലവിൽ ഇന്ത്യയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഹീലിയം ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ടുതന്നെ ഹീലിയം റീക്കവറിയിൽ തദ്ദേശീയ ശേഷി സ്ഥാപിക്കുന്നത് രാജ്യത്തിന്റെ സാങ്കേതിക പുരോഗതിക്കും ഊർജ്ജ സുരക്ഷയ്ക്കും തന്ത്രപരമായ പ്രാധാന്യം നൽകുന്ന നീക്കമാണെന്ന് ഒഎൻജിസി പ്രതിനിധി പറഞ്ഞു.
ONGC and EIL sign an agreement to set up India’s first helium recovery plant in Tamil Nadu, a strategic move to boost indigenous capacity.