കുട്ടനാട്ടിലെ മത്സ്യകൃഷി വികസനത്തിന് പൈലറ്റ് പദ്ധതിയുമായി കേന്ദ്ര ഗവൺമെന്റ്. മത്സ്യകർഷകരുടെ ഉപജീവനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ കുട്ടനാട് മേഖലയ്ക്ക് അനുയോജ്യമായ വിവിധ മത്സ്യകൃഷിരീതികളാണ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുക. കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യന്റെ അധ്യക്ഷതയിൽ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിൽ (CMFRI) ചേർന്ന യോഗത്തിലാണ് തീരുമാനം.

കർഷകരുടെ ഉപജീവനം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രി ജോർജ് കുര്യൻ പറഞ്ഞു. മത്സ്യകൃഷിയിലും മറ്റ് അനുബന്ധ രീതികളിലും കർഷകർക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിനായി പരീക്ഷണ പദ്ധതിയുടെ ഭാഗമായി പരിശീലനം നൽകും. ആധുനികവും പരമ്പരാഗതവുമായ മത്സ്യകൃഷി രീതികൾ നടപ്പിലാക്കി കർഷകർക്കിടയിൽ പ്രചരിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
നെൽകൃഷിയുമായി ചേർന്നുള്ള സംയോജിത മത്സ്യകൃഷി, കൂടുമത്സ്യകൃഷി, ഒരു മത്സ്യം ഒരു നെല്ല്, ബയോഫ്ളോക് മത്സ്യകൃഷി തുടങ്ങിയ രീതികൾ അടങ്ങുന്നതാണ് പൈലറ്റ് പ്രൊജക്ട്. പദ്ധതിയുടെ ഭാഗമായി മത്സ്യ കർഷക ഉൽപാദക സംഘടനകൾ രൂപീകരിക്കുമെന്നും ഇതിലൂടെ മത്സ്യകർഷകരെ ശാക്തീകരിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
The Central Government is launching a pilot project to promote diversified fish farming in Kuttanad. The project will provide modern training and support to local farmers.