സുപ്രീം കോടതി ഉത്തരവ് പ്രകാരം നടക്കുന്ന അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് റിലയൻസ് ഫൗണ്ടേഷന്റെ (Reliance Foundation) വന്യജീവി സംരംഭമായ വൻതാര (Vantara). അനന്ത് അംബാനിയുടെ (Anant Ambani) വന്യജീവി പുനരധിവാസ കേന്ദ്രത്തിനെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിക്കാൻ ഉത്തരവിട്ടതിനു പിന്നാലെയാണ് വൻതാര പ്രതികരണവുമായി എത്തിയിരിക്കുന്നത്.

കോടതി ഉത്തരവ് അങ്ങേയറ്റം ബഹുമാനിക്കുന്നതായും പ്രത്യേക അന്വേഷണ സംഘത്തോട് പൂർണമായും സഹകരിക്കുമെന്നും വൻതാര പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസ്, റിലയൻസ് ഫൗണ്ടേഷൻ ബോർഡ് ഡയറക്ടറും മുകേഷ് അംബാനിയുടെ ഇളയ മകനുമായ അനന്ത് അംബാനിയുടെ വന്യജീവി രക്ഷാ പുനരധിവാസ സംരംഭമാണ് വൻതാര. നേരത്തെ, വൻതാരയുടെ പ്രവർത്തനം പരിസ്ഥിതി, വന്യജീവി, സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് സുപ്രീം കോടതി നടപടിയെടുത്തത്. പദ്ധതിക്കായി മൃഗങ്ങളെ എത്തിച്ചത് ഉൾപ്പെടെയാണ് സുപ്രീം കോടതി പ്രത്യേക സമിതി പരിശോധിക്കുക.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ അധ്യക്ഷതയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. വൻതാരയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണം എന്നാണ് സുപ്രീം കോടതി നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ, ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മൃഗങ്ങളെ വാങ്ങുന്നതിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെയും മറ്റ് ബാധകമായ നിയമങ്ങളുടെയും നിബന്ധനകൾ പാലിക്കുന്നുണ്ടോ തുടങ്ങിയവയും പരിശോധിക്കണമെന്നും ആവശ്യങ്ങളുണ്ട്.
Vantara, Anant Ambani’s wildlife initiative, has announced it will fully cooperate with the Supreme Court’s Special Investigation Team following an inquiry order.