ഇന്ത്യയുടെ ആദ്യ സെമികണ്ടക്ടർ ചിപ്പ് ഗുജറാത്തിൽ നിർമിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ്. സനന്ദിലെ സിജി സെമി ഔട്ട്‌സോഴ്‌സ്ഡ് സെമികണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റിംഗ് (OSAT) പൈലറ്റ് സൗകര്യത്തിലാണ് ഇന്ത്യയിലെ ആദ്യ തദ്ദേശീയ സെമികണ്ടക്ടർ ചിപ്പ് നിർമാണം.

കഴിഞ്ഞ ദിവസം OSAT സൗകര്യത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ജി1 സൗകര്യംത്തിലൂടെ പ്രതിദിനം 50 ലക്ഷം ചിപ്പുകൾ ഉത്പാദിപ്പിക്കുമെന്നും രാജ്യത്തെ ആദ്യ മെയ്ഡ്-ഇൻ-ഇന്ത്യ ചിപ്പ് ഇവിടെ നിന്നും വരുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്റിലെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപഭോക്തൃ അംഗീകാരത്തിനായി ചിപ്പുകൾക്ക് യോഗ്യത നേടുന്നതിനും വാണിജ്യ ഉൽപാദനത്തിന് തയ്യാറാക്കുന്നതിനും സഹായിക്കും എന്നതിനാൽ പൈലറ്റ് ലൈൻ പ്രധാനമാണ്. സിജി പവർ (CG Power), ജപ്പാനിലെ റെനെസാസ് ഇലക്ട്രോണിക്സ് കോർപറേഷൻ (Renesas Electronics Corporation), തായ്‌ലൻഡിലെ സ്റ്റാർസ് മൈക്രോ (Stars Micro) എന്നിവയുടെ സംയുക്ത സംരംഭമാണ് ഈ പ്ലാന്റ്. ഓട്ടോമൊബൈൽ, ഇലക്ട്രോണിക്സ് മേഖല, കൺസ്യൂമർ ഇലക്ട്രോണിക്സ്, മൈക്രോ കൺട്രോളറുകൾ തുടങ്ങിയ മേഖലകളിലുള്ളവരാണ് ഉപഭോക്താക്കളിൽ ഉൾപ്പെടുക- അദ്ദേഹം അറിയിച്ചു.
നിരവധി പ്ലാന്റുകൾക്ക് ഇതിനകം അനുമതി നൽകിയിട്ടുണ്ടെന്നും അവയുടെ നിർമാണം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയുടെ ഇലക്ട്രോണിക് ഉത്പന്നങ്ങളുടെ കയറ്റുമതി നാലുകോടി ഡോളർ കടന്നു. കഴിഞ്ഞ 11 വർഷത്തിനിടെ എട്ട് മടങ്ങ് വളർച്ച കൈവരിച്ചു. സെമികണ്ടക്ടർ വ്യവസായത്തിൽ ആഗോളതലത്തിൽ പ്രധാന ഉത്പാദകരായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു.
India’s first indigenous semiconductor chip will be manufactured in Gujarat at a CG Semi plant, marking a major milestone for the country’s tech industry.