പഴയ KSRTC അല്ല ഇത്. പുതിയ എൻട്രിയാണ്. .നഷ്ടത്തിന്റെ കണക്കൊക്കെ മാറ്റിക്കുറിക്കാൻ കുതിപ്പ് തുടങ്ങിയിരിക്കുകയാണ് കേരളത്തിന്റെ ആനവണ്ടി. KSRTC ക്ക് കേരളത്തിന്റെ ഓണസമ്മാനമായി ലഭിച്ചത് 10.19 കോടി രൂപയുടെ റെക്കോർഡ് വരുമാന നേട്ടം.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം കൈവരിച്ചു. 2025 സെപ്റ്റംബർ 8-ാം തീയതി തികളാഴ്ചയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത്. ഒറ്റദിവസം ഇത്രയും കലക്ഷന്‍ ലഭിക്കുന്ന ആദ്യമായാണ്. ഓണാഘോഷങ്ങള്‍ക്കു ശേഷം ആളുകള്‍ കൂട്ടത്തോടെ യാത്ര ചെയ്തതാണ് ടിക്കറ്റ് വരുമാനം ചരിത്രമാകാന്‍ കാരണമെന്നാണു വിലയിരുത്തല്‍. കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തിയതും ഡിപ്പോകള്‍ക്കു ടാര്‍ഗറ്റ് നല്‍കിയതുമാണ് വരുമാന വര്‍ധനയ്ക്കു കാരണമായത്.
മുൻപ് 2024 ഡിസംബർ 23 ന് ശബരിമല സീസണിൽ നേടിയ ഓപ്പറേറ്റിംഗ് റവന്യു ആയ 9.22 കോടി രൂപ എന്ന നേട്ടത്തെ ആണ് ഇപ്പോൾ മറികടന്നത്. 14.09.2024 ലെ ഓണം സമയത്ത് നേടിയ ഏറ്റവും കൂടിയ വരുമാനമായ 8.29 കോടി രൂപയായിരുന്നു ഇതുവരെ ഓണക്കാല സർവ്വകാല റെക്കോഡ്. ഈ ഓണത്തിന് 4607 ബസ്സുകൾ ആണ് ഓപ്പറേറ്റ് ചെയ്ത് വരുമാനം ലഭ്യമാക്കിയത്. മുൻ റെക്കോർഡ് വരുമാനം നേടിയ 23.12.2024 ൽ 4567 ബസ്സുകൾ ആയിരുന്നു.
ജീവനക്കാരുടെയും, സൂപ്പർവൈസർമാരുടെയും, ഓഫീസർമാരുടെയും ഏകോപിതമായ പരിശ്രമങ്ങളിലൂടെയാണ് പലപ്പോഴും അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യം യാഥാർഥ്യമാക്കാനായത്.കാലോചിതമായ പരിഷ്ക്കരണ നടപടികളും, വകുപ്പിന്റെ ഇടപെടലും ജീവനക്കാരുടെ അർപ്പണ ബോധവും ഈ വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ടെന്നും കെ.എസ്.ആർ.ടി.സി പറഞ്ഞു. കെഎസ്ആർടിസിയുടെ അഭിമാനകരമായ ഈ നേട്ടത്തിനായി, പ്രവർത്തിച്ച മുഴുവൻ ജീവനക്കാരോടും,കെഎസ്ആർടിസിയോട് വിശ്വാസ്യത പുലർത്തിയ യാത്രക്കാരോടും, പിന്തുണ നൽകിയ ഓരോരുത്തരോടും കെഎസ്ആർടിസി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പ്രമോജ് ശങ്കർ നന്ദിയറിയിച്ചു.
KSRTC sets record with ₹10.19 crore in daily revenue on Sep 8, 2025—its highest ever, surpassing previous Onam and Sabarimala season earnings.
