ഗുജറാത്തിലെ ജാംനഗറിൽ റിലയൻസ് ഫൗണ്ടേഷന്റെ (Reliance Foundation) ഉടമസ്ഥതയിലുള്ള വന്യജീവി പുനരധിവാസ കേന്ദ്രമായ വൻതാരയ്ക്ക് (Vanatara) ക്ലീൻ ചിറ്റ് നൽകി സുപ്രീംകോടതി നിയമിച്ച പ്രത്യേക അന്വേഷണ സംഘം (SIT). വൻതാരയുടെ പ്രവർത്തനങ്ങൾ സുതാര്യമാണെന്നും നിഗൂഢതകൾ ഒന്നുമില്ലെന്നും രേഖപ്പെടുത്തിയ റിപ്പോർട്ടാണ് എസ്ഐടി നൽകിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. കഴിഞ്ഞ ദിവസം എസ്ഐടി റിപ്പോർട്ട് കോടതി പരിഗണിച്ചു. തുടർന്ന് ജസ്റ്റിസ് പങ്കജ് മീത്തൽ, പ്രസന്ന.ബി.വരാലെ തുടങ്ങിയവർ അടങ്ങുന്ന ബെഞ്ച് റിപ്പോർട്ട് ശരിവെച്ചു. എല്ലാ നിയമങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് വൻതാരയുടെ പ്രവർത്തനമെന്ന് സാധൂകരിക്കുന്നതാണ് റിപ്പോർട്ട്. എസ്ഐടി സമർപ്പിച്ച റിപ്പോർട്ട് വിശദവും പര്യാപ്തവുമാണെന്നും വിഷയം പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
വൻതാരയിൽ പരിസ്ഥിതി, വന്യജീവി സംരക്ഷണ നിയമം ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയുള്ള പൊതുതാത്പര്യ ഹർജിയിലാണ് നേരത്തെ സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. തുടർന്നാണ് വൻതാരയിലെ വന്യമൃഗങ്ങളുടെ സംരക്ഷണം സംബന്ധിച്ച സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് കോടതി ആവശ്യപ്പെട്ടത്.
The Supreme Court-appointed SIT has given a clean chit to Reliance Foundation’s Vantara, stating its operations are transparent and comply with all laws.