കുവൈറ്റ് ബാങ്കിൽ നിന്നും വായ്പയെടുത്ത് മുങ്ങിയ മലയാളി നഴ്സുമാർക്കെതിരേ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. കുവൈറ്റിലെ അൽ അഹ്ലി ബാങ്കിൽ (Al Ahli Bank) നിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ കേരളത്തിൽ നിന്നുള്ള 13 നഴ്സുമാർക്കെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. അൽ അഹ്ലി ബാങ്ക് അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

13 നഴ്സുമാർ മൊത്തം 10.33 കോടി രൂപയുടെ വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി അൽ അഹ്ലി ബാങ്കിനെ പ്രതിനിധീകരിക്കുന്ന ജെയിംസ് ആൻഡ് തോമസ് അസോസിയേറ്റ്സ് പ്രതിനിധി പറഞ്ഞു. 2019നും 2021 നും ഇടയിൽ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കുവൈറ്റിൽ ജോലി ചെയ്യവേയാണ് ഇവർ വായ്പകൾ എടുത്തത്. ജോലി കരാർ അവസാനിപ്പിച്ച ശേഷം ഈ നഴ്സുമാർ കേരളത്തിലേക്ക് മടങ്ങി. പിന്നീട് മികച്ച അവസരങ്ങൾക്കായി യൂറോപ്പിലെയും പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും കുടിയേറിയ നഴ്സുമാർ എന്നിട്ടും വായ്പകൾ തിരിച്ചടച്ചില്ലെന്ന് അൽ അഹ്ലി ബാങ്ക് കേരള പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു.
നഴ്സുമാർ 60 ലക്ഷം രൂപ മുതൽ 90 ലക്ഷം രൂപ വരെ ലോണെടുത്തതായി പരാതിയിൽ പറയുന്നു. പരാതിയെത്തുടർന്ന് കോട്ടയം, എറണാകുളം ജില്ലകളിലായാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്. കുറവിലങ്ങാട്, അയർക്കുന്നം, വെള്ളൂർ, കടുത്തുരുത്തി, വൈക്കം, തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ കോട്ടയത്ത് എട്ട് കേസുകൾ ഫയൽ ചെയ്തു. പുത്തൻകുരിശ്, പോത്താനിക്കാട്, വരാപ്പുഴ, അങ്കമാലി പോലീസ് സ്റ്റേഷനുകൾ ഉൾപ്പെടെ എറണാകുളത്ത് അഞ്ച് കേസുകളും റജിസ്റ്റർ ചെയ്തു.
നേരത്തെ, മറ്റൊരു ധനകാര്യ സ്ഥാപനമായ ഗൾഫ് ബാങ്ക് (Gulf Bank) വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് കേരള പോലീസിനെ സമീപിച്ചിരുന്നു. അതിന്റെ ഫലമായി 2024 ഡിസംബറിൽ 10 കേസുകൾ റജിസ്റ്റർ ചെയ്തു. ഇതിൽ ഒരാൾ വായ്പ തീർപ്പാക്കി. മറ്റുള്ളവർ മുൻകൂർ ജാമ്യത്തിനായി കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അത് തള്ളി. ഇപ്പോൾ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. ഗൾഫ് ബാങ്ക് കേസുകളിലെന്നപോലെ, അൽ അഹ്ലി ബാങ്കിലെ ലോൺ തിരിച്ചടവിൽ വീഴ്ച വരുത്തിയവർക്കെതിരേയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് ജെയിംസ് ആൻഡ് തോമസ് അസോസിയേറ്റ്സ് പ്രതിനിധി പറഞ്ഞു. ഇവർ കേരളത്തിൽ തിരിച്ചെത്തിയാൽ ഉടൻ അറസ്റ്റ് ചെയ്യപ്പെടുമെന്നും പ്രതിനിധി കൂട്ടിച്ചേർത്തു.
Kuwait’s Al Ahli Bank and Gulf Bank have filed cases against 13 Kerala nurses who defaulted on loans, totaling over ₹10 crore, leading to a lookout notice.