വീണ്ടും ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ മുതൽ അടുക്കള കാബിനറ്റുകൾ വരെയുള്ള ഉത്പന്നങ്ങൾക്ക് 100 ശതമാനം വരെ തീരുവ ഏർപ്പെടുത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനികൾ യുഎസ്സിൽ പ്ലാന്റുകൾ നിർമിക്കുന്നില്ലെങ്കിൽ ബ്രാൻഡഡ്, പേറ്റൻഡഡ് ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി നികുതി ഏർപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. പുതുക്കിയ തീരുവ ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരും. യുഎസ്സിൽ ഫാക്ടറി സ്ഥാപിച്ച് മരുന്നുകൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് തീരുവ ബാധകമല്ലെന്നും ട്രംപ് പറഞ്ഞു. മരുന്നുകൾക്കു പുറമേ കിച്ചൺ ക്യാബിനറ്റുകൾ, ബാത്ത്റൂം വാനിറ്റികൾ എന്നിവയ്ക്കും 50% തീരുവ പ്രഖ്യാപിച്ചു. ഇതിനുപുറമേ ഹെവി ട്രക്കുകൾക്ക് 25% തീരുവയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുവകളും ഒക്ടോബർ ഒന്നുമുതൽത്തന്നെ പ്രാബല്യത്തിൽ വരും.

ട്രംപിന്റെ നടപടി ഇന്ത്യ, യൂറോപ്യൻ യൂണിയൻ, കാനഡ എന്നിവയ്ക്ക് വലിയ തിരിച്ചടിയാകും. ഇന്ത്യയ്ക്കാണ് തീരുമാനം ഏറ്റവും വലിയ തിരിച്ചടി. നിലവിൽ ഏമേരിക്കയിലേക്ക് ഏറ്റവുമധികം മരുന്നുകളെത്തിക്കുന്ന രാജ്യമാണ് ഇന്ത്യ. 2023-24ലെ കണക്കുപ്രകാരം ഏകദേശം 8.7 ബില്യൺ ഡോളറിന്റെ മരുന്നുകളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഇന്ത്യയുടെ മൊത്തം മരുന്നു കയറ്റുമതിയിൽ മൂന്നിലൊന്ന് പങ്കുമായി യുഎസ്സാണ് ഏറ്റവും വലിയ വിപണി. ഇന്ത്യൻ ഫാർമ കമ്പനികളുടെ ഏറ്റവും വലിയ വരുമാന സ്രോതസ്സും യുഎസ്സാണ്. ഇക്കാരണങ്ങൾകൊണ്ടുതന്നെ പുതുക്കിയ തീരുവ ഇന്ത്യൻ ഫാർമ കയറ്റുമതിയെ വൻ അപകടത്തിലേക്കെത്തിക്കും.
Trump announces 100% tariffs on branded drugs if companies lack US plants. The move, effective Oct 1, poses a major threat to India’s $8.7B pharma exports.