ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകാൻ ഐഎൻഎസ് ആന്ത്രോത്ത് (INS Androth). തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ യുദ്ധക്കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് നാവികസേന കമ്മീഷൻ ചെയ്തു. വിശാഖപട്ടണത്തെ നേവൽ ഡോക്ക്യാർഡിൽ നടന്ന ചടങ്ങിലാണ് ഇന്ത്യൻ നാവികസേനയുടെ ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് (ASW-SWC) പരമ്പരയിലെ രണ്ടാമത്തെ കപ്പലായ ഐഎൻഎസ് ആന്ത്രോത്ത് കമ്മീഷൻ ചെയ്തത്.
കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേർസ് ആൻഡ് എഞ്ചിനീയേർസാണ് (GRSE) ഐഎൻഎസ് ആന്ത്രോത്ത് നിർമിച്ചത്. എട്ട് ആൻ്റി-സബ്മറൈൻ വാർഫെയർ-ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ രണ്ടാമത്തേതാണ് ഐഎൻഎസ് ആന്ത്രോത്ത്. പ്രതിരോധ നിർമാണരംഗത്തെ സ്വയംപര്യാപ്തയിലേക്കുള്ള മുന്നേറ്റമാണിതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ലക്ഷദ്വീപ് ദ്വീപ് സമൂഹത്തിലെ ആന്ത്രോത്ത് ദ്വീപിൽ നിന്നാണ് ആന്ത്രോത്ത് എന്ന പേര് ഉരുത്തിരിഞ്ഞത്.

77 മീറ്റർ നീളമുള്ള കപ്പൽ, ഡീസൽ എഞ്ചിൻ-വാട്ടർജെറ്റ് തുടങ്ങിവയുടെ നിയന്ത്രണത്താൽ പ്രവർത്തിക്കുന്ന ഇന്ത്യൻ നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണ്. അത്യാധുനിക ലഘു ടോർപിഡോകളും തദ്ദേശീയമായി നിർമിച്ച ആൻ്റി-സബ്മറൈൻ റോക്കറ്റുകളും ഇവയിൽ സജ്ജീകരിച്ചിട്ടുണ്ട്. 80 ശതമാനത്തിൽ കൂടുതലും ആഭ്യന്തരഘടകങ്ങളാണ് ഐഎൻഎസ് ആന്ത്രോത്തിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
the indian navy commissioned ins androth, the second indigenous anti-submarine warfare shallow water craft, at visakhapatnam naval dockyard.