കൊല്ലം വീ പാർക്ക് (V-Park) മാതൃകയിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്തി കൂടുതൽ പാർക്കുകൾ ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിരവധിയിടങ്ങളിൽ ഇത്തരത്തിൽ പാർക്കുകൾ വേണമെന്ന് ആവശ്യമുയർന്നതോടെയാണ് 19 കേന്ദ്രങ്ങളിൽ വീ പാർക്ക് സ്ഥാപിക്കാൻ തീരുമാനമായതെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

പാർക്കുകൾ ആരംഭിക്കാൻ സാധിക്കുന്ന നിരവധി സ്ഥലങ്ങളും ജനങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അതെല്ലാം വിശദമായി പരിശോധിച്ച് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പുകൾ സംയുക്തമായി സംസ്ഥാനത്തെ 72 സ്ഥലങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ 19 കേന്ദ്രങ്ങളിൽ വീ പാർക്ക് ആരംഭിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ഡിസൈൻ പോളിസിയുടെ ഭാഗമായ ആദ്യ വീ പാർക്ക് മാർച്ച് മാസത്തിലാണ് ആരംഭിച്ചത്. റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിൽ ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലങ്ങൾ ജനസൗഹൃദ-മാതൃകാ പൊതു ഇടങ്ങളാക്കി മാറ്റുന്നതാണ് പദ്ധതി. പദ്ധതിയുടെ പൈലറ്റ് പ്രോജക്ടായ കൊല്ലം എസ്പി ഓഫീസ് ജംങ്ഷൻ മേൽപ്പാലത്തിനടിയിലെ സൗന്ദര്യവത്കരണവും ഓപ്പൺ പാർക്കും പൂർത്തിയായിരുന്നു.
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 70 സെന്റ് ഭൂമിയിലാണ് സംസ്ഥാന ടൂറിസം വകുപ്പ് രണ്ടുകോടി രൂപ ചിലവിൽ സൗന്ദര്യവത്കരണം പൂർത്തിയാക്കിയത്. നടപ്പാതകൾ, ബാഡ്മിന്റൺ-ബാസ്കറ്റ്ബോൾ കോർട്ടുകൾ, ചെസ് ബ്ലോക്ക്, സ്കേറ്റിങ് ട്രാക്ക്, ഓപ്പൺ ജിം, യോഗ-മെഡിറ്റേഷൻ സോൺ, ലഘുഭക്ഷണശാല, സ്ട്രീറ്റ് ഫർണിച്ചർ തുടങ്ങിയവയാണ് പാർക്കിൽ സജ്ജമാക്കുക.
kerala tourism minister p a mohamed riyas announced plans to establish 19 new v-parks in the state, utilizing unused spaces like the kollam v-park model.