ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ( Lionel Messi ) കേരളത്തിൽ പന്ത് തട്ടുന്ന തീയതിയിൽ തീരുമാനമായി. നവംബർ 17ന് കൊച്ചിയിൽ ഓസ്‌ട്രേലിയയ്ക്കെതിരായ സൗഹൃദ അന്താരാഷ്ട്ര ഫുട്‌ബോൾ മത്സരത്തിലാണ് ഇതിഹാസ താരത്തെ മലയാളികൾക്ക് കൺനിറയെ കാണാനാകുക. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.

അർജന്റീന-ഓസ്ട്രേലിയ സൗഹൃദ ഫുട്ബോൾ മത്സരത്തിനു പുറമേ ഓസ്ട്രേലിയ ഉൾപ്പെടുന്ന മറ്റൊരു അന്താരാഷ്ട്ര സൗഹൃദ മത്സരവും കൊച്ചിയിൽ നടന്നേക്കുമെന്ന് സൗഹൃദ മത്സരത്തിന്റെ സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. ഓസ്‌ട്രേലിയ മറ്റൊരു മത്സരം കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കുറച്ച് ദിവസങ്ങൾക്ക് ശേഷം മാത്രമേ അത് സ്ഥിരീകരിക്കാൻ കഴിയൂ. പക്ഷേ ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിക്കാൻ ശക്തമായ ടീമിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്- അദ്ദേഹം പറഞ്ഞു. പ്രധാനമായും പരിഗണിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ഇറാനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നവംബർ 17ന് അർജന്റീന ഓസ്ട്രേലിയയെ നേരിടുമെന്നും ആന്റോ സ്ഥിരീകരിച്ചു. നവംബർ 15ന് അർജന്റീന ടീം കൊച്ചിയിലെത്തു., അതേസമയം ഓസ്‌ട്രേലിയൻ ടീം നവംബർ 10ന് തന്നെയെത്തും. ഓസ്‌ട്രേലിയൻ ടീമിനൊപ്പം ഓസ്‌ട്രേലിയൻ സർക്കാരിന്റെ പ്രതിനിധി സംഘവും ഉണ്ടാകും. മത്സരം ആഗോളതലത്തിൽ സംപ്രേഷണം ചെയ്യുമെന്നും ആന്റോ പറഞ്ഞു. ടെലിവിഷൻ അവകാശങ്ങൾ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ഇന്ത്യൻ സ്പോർട്സ് ചാനൽ മത്സരം സംപ്രേഷണം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 17ന് മത്സരവുമായി ബന്ധപ്പെട്ട് റോഡ്ഷോ, എ.ആർ. റഹ്മാന്റെ സംഗീത ഷോ എന്നിവയുമുണ്ടാകും.
അതേസമയം മെസ്സി കളിക്കില്ലെന്നോ മത്സരം മറ്റൊരു വേദിയിൽ നടന്നേക്കാമെന്നോയുള്ള അഭ്യൂഹങ്ങൾ ആന്റോ തള്ളിക്കളഞ്ഞു. അർജന്റീനയുടെ മത്സരം ഇന്ത്യയിൽ നടക്കില്ലെന്നും ആഫ്രിക്കയിലായിരിക്കുമെന്നുമുള്ള റിപ്പോർട്ട് കണ്ടു. എന്നാൽ തീർച്ചയായും, മെസ്സി കളിക്കും. ഇന്ത്യയിലേക്ക് വരുന്നത് ലോകകപ്പ് നേടിയ അർജന്റീനയുടെ ടീമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് വിൽപന ഒക്ടോബർ 18ന് ആരംഭിക്കുമെന്നും ആന്റോ കൂട്ടിച്ചേർത്തു
lionel messi and argentina to face australia in a friendly match on november 17 at kochi’s nehru stadium. Ticket sales start october 18.