ഇന്ത്യയിൽ വമ്പൻ പങ്കാളിത്തത്തിന് ആഗോള ടെക് ഭീമനായ ഗൂഗിളും (Google) അദാനി ഗ്രൂപ്പും (Adani Group). ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡാറ്റാ സെന്റർ ക്യാംപസ്സും ഗ്രീൻ എനെർജി ഇൻഫ്രാസ്ട്രക്ചറും വികസിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും കൈകോർക്കുന്നത്. അദാനി എന്റർപ്രൈസസിന്റെ (Adani Enterprises) സംയുക്ത സംരംഭമായ അദാനി കോൺനെക്സും (AdaniConneX) ഗൂഗിളും ചേർന്ന് ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തിലാണ് പദ്ധതി ഒരുക്കുന്നത്.

വിശാഖപട്ടണത്തിലെ നിർദിഷ്ട ഗൂഗിൾ എഐ ഹബ് 15 ബില്യൺ ഡോളർ (ഏകദേശം ₹1.25 ലക്ഷം കോടി) മൂല്യമുള്ള ബഹുമുഖ നിക്ഷേപ പദ്ധതിയാണ്. 2026 മുതൽ 2030 വരെയുള്ള അഞ്ചുവർഷം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതി ജിഗാവാട്ട് തോതിലുള്ള ഡാറ്റാ സെന്റർ പ്രവർത്തനങ്ങളും ശക്തമായ സബ്സീ കേബിൾ നെറ്റ്വർക്ക് സംവിധാനവുമൊരുക്കും. ഇതോടൊപ്പം ക്ലീൻ എനെർജി അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടുത്തി ഇന്ത്യയിലെ ഏറ്റവും ആവശ്യകതയേറിയ എഐ പ്രവൃത്തികൾക്ക് ഊർജം നൽകുകയാണ് ലക്ഷ്യം.
അദാനി കോൺനെക്സ്, എയർടെൽ തുടങ്ങിയ പങ്കാളികളുമായി ചേർന്നാണ് ഗൂഗിൾ ഈ എഐ ഹബ് സാക്ഷാത്കരിക്കുന്നത്. വിശാഖപട്ടണത്തിൽ പ്രത്യേകിച്ച് എഐ ആവശ്യങ്ങൾക്കായി രൂപകൽപന ചെയ്യുന്ന ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയുടെ കംപ്യൂട്ടിംഗ് ശേഷി വൻതോതിൽ വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയുടെ ഡിജിറ്റൽ ഭാവി നിർവചിക്കുന്ന ഈ ചരിത്രപദ്ധതിയിൽ ഗൂഗിളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ അദാനി ഗ്രൂപ്പ് അഭിമാനിക്കുന്നതായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ഇത് വെറും ഇൻഫ്രാസ്ട്രക്ചർ നിക്ഷേപമല്ല, ഓരോ ഇന്ത്യൻ പൗരനും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ഉപകരണങ്ങൾ ലഭ്യമാക്കാനുള്ള പങ്കാളിത്തമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ എഐ യുഗത്തിലെ വമ്പൻ സാധ്യതകൾ തുറക്കാൻ ഗൂഗിൾ എഐ ഹബ് വഴി നിക്ഷേപം നടത്തുകയാണെന്ന് ഗൂഗിൾ ക്ലൗഡ് സിഇഒ തോമസ് കുര്യൻ പറഞ്ഞു. ഇതിലൂടെ ബിസിനസ്സുകൾക്കും ഗവേഷകർക്കും സൃഷ്ടാക്കൾക്കും എഐ ഉപയോഗിച്ച് വളരാനും വ്യാപിപ്പിക്കാനും ആവശ്യമായ അടിസ്ഥാന സൗകര്യം ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിശാഖപട്ടണത്തിലും ആന്ധ്രാപ്രദേശിലുമായി ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയിലൂടെ എഐ ഹബ്ബ് എന്ന നിലയിൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നാണ് വിലയിരുത്തൽ.
അദാനി എന്റർപ്രൈസസും എഡ്ജ് കോൺനെക്സും (EdgeConneX) ചേർന്നുള്ള 50:50 സംയുക്ത സംരംഭമാണ് അദാനി കോൺനെക്സ്. ഇന്ത്യയിലെ ഡാറ്റാ സെന്റർ മേഖലയെ പരിസ്ഥിതി സൗഹൃദമായ രീതിയിൽ മാറ്റുകയാണ് കമ്പനിയുടെ ലക്ഷ്യം. എഐ, ഇൻഫ്രാസ്ട്രക്ചർ, ഡാറ്റ, സെക്യൂരിറ്റി, സഹകരണ ഉപകരണങ്ങൾ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള സ്ഥാപനങ്ങൾക്ക് സാങ്കേതിക നവീകരണം സാധ്യമാക്കുന്ന ആഗോള പ്ലാറ്റ്ഫോമാണ് ഗൂഗിൾ ക്ലൗഡ്.
adani connex and google partner to build india’s largest ai data center campus and green energy infra in visakhapatnam, a $15 billion investment.