കൊച്ചിയിൽ മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിൻ്റെ മത്സരത്തിന്റെ മുന്നൊരുക്കങ്ങളുമായി ജില്ലാ ഭരണകൂടവും പൊലീസും. സുരക്ഷാ മുന്നൊരുക്കങ്ങളുടെ ഭാഗമായി കലൂർ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങളും ഓഫീസുകളും ഒരു മാസത്തേക്ക് അടച്ചിടും. മുന്നൊരുക്ക പ്രവർത്തനങ്ങൾ പൂർണ തോതിലെത്തിയ സാഹചര്യത്തിലാണ് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ പ്രോട്ടോക്കോളിന്റെ ഭാഗമായി, ഒക്ടോബർ 25 മുതൽ ഒരു മാസത്തേക്ക് കടകൾ അടച്ചിടാൻ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റി (GCDA) നൂറിലധികം വാടകക്കാർക്കും വ്യാപാരികൾക്കും നോട്ടീസ് നൽകി.

ഈ ആഴ്ച ആദ്യം നോട്ടീസ് ലഭിച്ചതിനെത്തുടർന്ന്, ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയം ഷോപ്പ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വ്യാപാരികൾ ജിസിഡിഎ ചെയർപേഴ്സൺ കെ. ചന്ദ്രൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി. അടച്ചുപൂട്ടൽ ഒരു മാസത്തിൽ നിന്ന് ഒരാഴ്ചയായി കുറയ്ക്കണമെന്ന് വ്യാപാരികൾ അഭ്യർത്ഥിച്ചു. ഒരു മാസമെന്നത് വളരെ നീണ്ട കാലയളവാണെന്നും ബിസിനസുകളെ വലിയ രീതിയിൽ ബാധിക്കുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടി. എന്നാൽ നഷ്ടപരിഹാരത്തെക്കുറിച്ച് ചർച്ച ചെയ്തെങ്കിലും, അത് തങ്ങളുടെ അധികാരപരിധിക്ക് പുറത്താണെന്നും തീരുമാനം കേരള സർക്കാരിന്റേതാണെന്നും ജിസിഡിഎ വ്യക്തമാക്കി.
നിർദിഷ്ട നഷ്ടപരിഹാരം എങ്ങനെ കണക്കാക്കുമെന്നും എത്ര വേഗത്തിൽ വിതരണം ചെയ്യുമെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ കായിക മന്ത്രി, വ്യവസായ മന്ത്രി, ജിസിഡിഎ ചെയർപേഴ്സൺ എന്നിവർക്ക് മെമ്മോറാണ്ടം സമർപ്പിച്ചിട്ടുണ്ട്. ഷട്ട്ഡൗൺ നൂറിലധികം വ്യാപാരങ്ങളേയും ആയിരത്തിലധികം ജീവനക്കാരെയും ബാധിക്കും. താൽക്കാലിക സ്ഥലംമാറ്റ സാധ്യത സംബന്ധിച്ച ചർച്ചയും പ്രായോഗികമല്ല.
2017ൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ അണ്ടർ-17 ലോകകപ്പ് മത്സരങ്ങൾക്കിടെ, 43 ദിവസത്തേക്ക് കടകൾ അടച്ചിട്ടിരുന്നു. തുടർന്ന് വ്യാപാരികൾ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരത്തിനായി അന്ന് സ്പോൺസർമാരിൽ നിന്ന് ₹25 ലക്ഷം സെക്യൂരിറ്റി ഡെപ്പോസിറ്റ് ഈടാക്കിയിരുന്നെങ്കിലും, കുറച്ച് വ്യാപാരികൾക്ക് മാത്രമേ ആവശ്യമായ തുക ലഭിച്ചുള്ളൂ. ഭൂരിപക്ഷം പേർക്കും ₹1 ലക്ഷത്തിൽ താഴെയാണ് ലഭിച്ചത്. മത്സരങ്ങൾ നിർത്തിവെച്ചാൽ വ്യാപാരികൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് പ്രസ്താവിക്കുന്ന വ്യവസ്ഥ 2021ൽ ജിസിഡിഎ ഉൾപ്പെടുത്തിയിരുന്നു.
നവംബർ 17നാണ് ലയണൽ മെസ്സി നയിക്കുന്ന നിലവിലെ ലോകകപ്പ് ചാംപ്യൻമാരായ അർജന്റീനയും ഓസ്ട്രേലിയയും തമ്മിലുള്ള അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരം ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുക്ക. ഇക്കാര്യത്തെക്കുറിച്ച് മത്സര സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് പുറത്തിറക്കി. ടിക്കറ്റ് നിരക്കുകൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും. അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനും തീയതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടി സംബന്ധിച്ച് കേരള സർക്കാരിനും ഔദ്യോഗിക അറിയിപ്പ് ലഭിച്ചതായി പ്രസ്താവനയിൽ പറയുന്നു.
സർക്കാരിന് ഔദ്യോഗികമായി എന്തെങ്കിലും അറിയിപ്പ് ലഭിച്ചോ എന്ന് ചോദിച്ചപ്പോൾ, സ്പോൺസർമാർ അത് സ്ഥിരീകരിച്ചതായി കായിക മന്ത്രി വി. അബ്ദുറഹ്മാൻ പറഞ്ഞു. മത്സരത്തിന് തലേദിവസം പരിശീലന സെഷനിൽ ലയണൽ മെസ്സിയും സംഘവും കളിക്കുന്നത് കാണാൻ ആരാധകർക്ക് അവസരം ലഭിക്കുമെന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. സൗഹൃദ മത്രത്തോട് അനുബന്ധിച്ച് എ.ആർ. റഹ്മാന്റെ കൺസേർട്ടു റാപ്പർ ഹനുമാൻകൈൻഡിന്റെ പ്രകടനവും ഡ്രോൺ ഷോകളും നടക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു.
70 കോടി രൂപ ചിലവിൽ സ്റ്റേഡിയത്തിലെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സ്പോൺസർമാർ അവകാശപ്പെട്ടു. ഫിഫ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി മുഴുവൻ വേദിയും നവീകരിക്കുന്നതിനൊപ്പം സ്റ്റേഡിയത്തിലുടനീളം പുതിയ ഇരിപ്പിടങ്ങൾ സ്ഥാപിക്കുക, ഉയർന്ന തീവ്രതയുള്ള, അന്താരാഷ്ട്ര നിലവാരമുള്ള ലൈറ്റിംഗ് സംവിധാനങ്ങൾ ഒരുക്കുക തുടങ്ങിയവയും നടത്തുന്നതായി അറിയിച്ചിട്ടുണ്ട്. വിഐപി ഗാലറികളും പവലിയനുകളും നവീകരിച്ച വേദിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും. 2000-ത്തിലധികം തൊഴിലാളികൾ നവീകരണത്തിൽ ഏർപ്പെട്ടിരിക്കുന്നതായും ഇത് 30 ദിവസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ പറയുന്നു.
മത്സരത്തിന്റെ ടിക്കറ്റ് നിരക്കുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. ടിക്കറ്റ് നിരക്കുകളെക്കുറിച്ച് നിലവിൽ പ്രചരിക്കുന്ന എല്ലാ റിപ്പോർട്ടുകളും തെറ്റാണെന്ന് ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി. ഒക്ടോബർ 18 അല്ലെങ്കിൽ 19ഓടെ ഔദ്യോഗിക ടിക്കറ്റ് വിൽപന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
