അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യ-ആസിയാൻ പങ്കാളിത്തം അഭിവൃദ്ധി പ്രാപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മലേഷ്യയിൽ നടന്ന ഇന്ത്യ ആസിയാൻ ഉച്ചകോടിയിൽ ഓൺലൈനായി സംസാരിക്കവേയാണ് മോഡി ഇക്കാര്യം പറഞ്ഞത്. ആസിയാൻ രാജ്യങ്ങളെ ഇന്ത്യയുടെ സാംസ്കാരിക പങ്കാളിയായി വിശേഷിപ്പിച്ച പ്രധാനമന്ത്രി 2026ൽ സമുദ്ര സുരക്ഷയിൽ ഇന്ത്യ-ആസിയാൻ സഹകരണം കൂടുതൽ ആഴത്തിലാക്കുമെന്നും പ്രഖ്യാപിച്ചു.

അനിശ്ചിതത്വങ്ങളുടെ കാലഘട്ടത്തിലും, ഇന്ത്യ-ആസിയാൻ സമഗ്ര പങ്കാളിത്തം പുരോഗതി കൈവരിക്കുന്നത് തുടരുകയാണ്. ആഗോള സ്ഥിരതയ്ക്കും വികസനത്തിനുമുള്ള ശക്തമായ അടിത്തറയായി ഈ ശക്തമായ പങ്കാളിത്തം ഉയർന്നുവരുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെയും ആസിയാൻ രാഷ്ട്രങ്ങളുടെയും നൂറ്റാണ്ടാണ്. ഇന്ത്യ-ആസിയാൻ ബന്ധത്തിന്റെ പൂർണ സാമ്പത്തിക സാധ്യതകൾ പുറത്തുകൊണ്ടുവരാൻ ആസിയാൻ-ഇന്ത്യ വ്യാപാര കരാറിന് (AITIGA) കഴിയും-പ്രധാനമന്ത്രി പറഞ്ഞു. ആസിയാനിലെ പുതിയ അംഗമായി തിമോർ-ലെസ്റ്റെയെ സ്വാഗതം ചെയ്ത മോഡി, ഇന്ത്യയും ആസിയാനും ഒരുമിച്ച് ആഗോള ജനസംഖ്യയുടെ നാലിലൊന്ന് പ്രതിനിധീകരിക്കുന്നുവെന്നും ഇരു വിഭാഗങ്ങളും ചരിത്രപരമായ ബന്ധങ്ങളും പങ്കിട്ട മൂല്യങ്ങളും വഴി ബന്ധപ്പെട്ടിരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.
ഇന്ത്യ-ആസിയാൻ ബന്ധം സൗഹൃദം, വിശ്വാസം, പങ്കിട്ട താത്പര്യങ്ങൾ എന്നിവയുടെ മൂല്യങ്ങളിൽ വേരൂന്നിയതാണെന്ന് ആസിയാൻ-ഇന്ത്യ ഉച്ചകോടിയുടെ സഹ-അധ്യക്ഷത വഹിച്ച മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പറഞ്ഞു. ആസിയാൻ ഇന്ത്യ വ്യാപാര കരാർ അന്തിമമാക്കുന്നതിനുള്ള ശ്രമങ്ങളും വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ, സാങ്കേതിക വികസനം എന്നിവയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ആസിയാൻ-ഇന്ത്യ ആക്ഷൻ പ്ലാൻ 2026-2030 നടപ്പിലാക്കുന്നതിനുള്ള ചർച്ചകളും നടന്നതായി അൻവർ ഇബ്രാഹിം പറഞ്ഞു. വിദ്യാഭ്യാസം, സമ്പദ്വ്യവസ്ഥ, സംസ്കാരം എന്നീ മേഖലകളിൽ ഇന്ത്യയും ആസിയാൻ മേഖലയും തമ്മിലുള്ള അടുത്ത ബന്ധത്തെ അദ്ദേഹം അഭിനന്ദിച്ചു.
PM Modi highlights growing India-ASEAN partnership at Malaysia summit, stressing deeper maritime cooperation and economic integration under AITIGA.
