പുതിയ ഹോം ചെക്ക്-ഇൻ (Home Check-In) സേവനം അവതരിപ്പിച്ച് ഷാർജ അന്താരാഷ്ട്ര വിമാനത്താവളം. യാത്രക്കാർക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിനായാണ് നീക്കം. വീടുകൾ, ഹോട്ടലുകൾ, ജോലിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ നിന്ന് തന്നെ ചെക്ക്-ഇൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന പുതിയ സംവിധാനത്തിലൂടെ സമയം ലാഭിക്കാനും യാത്രാ സമ്മർദം കുറയ്ക്കാനും കഴിയും.

യാത്രക്കാർ ഡോർസ്റ്റെപ്പ് ലഗേജ് ശേഖരണം ഒരുക്കുന്നതാണ് പുതിയ നീക്കത്തിന്റെ സവിശേഷത. ബോർഡിങ് പാസുകൾ ഇഷ്യൂ ചെയ്യുന്നതുൾപ്പെടെയുള്ള എല്ലാ നടപടികളും ഷാർജ എയർപോർട്ടിലെ പ്രത്യേക ടീം ശ്രദ്ധിക്കും. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയാൽ അവർക്ക് ക്യൂവിൽ നിൽക്കേണ്ട ആവശ്യം വരില്ല. ലഗേജ് നൽകാനുള്ള നടപടികൾ പൂർത്തിയാക്കിയതിനാൽ, യാത്രക്കാർക്ക് നേരിട്ട് പാസ്പോർട്ട് കൺട്രോളിലേക്ക് പോകാം.
തിരക്കേറിയ യാത്രാ സീസണുകളിൽ സമയം ലാഭിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്കും ബിസിനസ് യാത്രക്കാർക്കും ഇത് ഏറെ പ്രയോജനകരമാണെന്ന് അധികൃതർ വ്യക്തമാക്കി. എയർപോർട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയും കോൾ സെന്റർ( 800745424) മുഖേനയും SHJ Home Check-In മൊബൈൽ ആപ്പ് വഴിയും സേവനം ബുക്ക് ചെയ്യാം.
Sharjah International Airport introduces ‘Home Check-In’ service, allowing passengers to complete check-in and luggage collection from home, hotels, or work.
