സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ റെയ്ലിന് വീണ്ടും ജീവൻ വയ്ക്കുന്നു. ഇതിന്റെ ഭാഗമായി കടലിനടിയിലൂടെ കടന്നു പോകുന്ന ഫോർട്ട് കൊച്ചി -വൈപ്പിൻ തീരദേശ ടണൽ റോഡ് പദ്ധതിക്കായി പ്രവർത്തനങ്ങൾ സജീവമാക്കി കെ റെയിൽ. പ്രോജക്റ്റിന്റെ ഫീസിബിലിറ്റി പഠന റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു . പദ്ധതി നിർവഹണത്തിനായി നിർമാണ കമ്പനികളിൽ നിന്നും എക്സ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് (EoI) ക്ഷണിക്കുന്നതിനുള്ള നിബന്ധനകൾ അന്തിമ രൂപത്തിലാക്കാൻ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് K RAIL പൊതു മരാമത്ത് വകുപ്പിനെ സമീപിച്ചു, പദ്ധതിക്ക് ഗതാഗത വകുപ്പ് അംഗീകാരം നൽകിയിട്ടുണ്ട് . രണ്ടു ആഴ്ചക്കുള്ളിൽ എക്സ്പ്രെഷൻ ഓഫ് ഇന്ററസ്റ്റ് പുറത്തിറങ്ങും എന്നാണ് സൂചന . 590 കിലോ മീറ്റർ നീളമുള്ള കാസറഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ഹൈവേ കോരിഡറിന്റെ നിർണ്ണായക ഭാഗമാണ് ഫോർട്ട് കൊച്ചി-വൈപ്പിൻ ടണൽ റോഡ്. മൊത്തം പദ്ധതി ചിലവ് 2,672 കോടി രൂപയാണ്.

സിംഗിൾ ലെയ്ൺ സർവീസ് റോഡോടെ ഇരട്ട ട്യൂബ് ടണൽ ആണ് ഫീസിബിലിറ്റി പഠനങ്ങൾ നിർദേശിക്കുന്നത്. ഓരോ ടണലിന്റെയും ഉള്ളിൽ 4.5 മീറ്റർ, 3.5 മീറ്റർ വീതിയുള്ള ലെയ്നുകൾ ഉണ്ടാകും തീര പാതയുമായി ചേരുന്ന ടണലിലേക്കുള്ള അപ്പ്രോച്ച് റോഡുകൾ 4 വരിയായിരിക്കും. ഓരോ 250 മീറ്ററിലും അടിയന്തര സ്റ്റോപ്പ് ബേസ് ഉറപ്പാക്കും. സർവ്വീസ് ലൈനുകൾ, വാതക/ഇന്ധന പൈപ്പുകൾ, ഡ്രൈനേജുകൾ, പമ്പിംഗ് സംവിധാനങ്ങളോടുകൂടി സുരക്ഷാ സൗകര്യങ്ങൾ, ജല വിതരണം, ഡ്രൈനേജ്,അഗ്നിരക്ഷ, കമ്മ്യൂണിക്കേഷൻ, ട്രാഫിക് നിയന്ത്രണം എന്നിവക്കുള്ള സംവിധാനങ്ങളൂം ടണലിലുണ്ടാകും.
കൊച്ചി പോർട്ടിന്റെ ഷിപ്പിംഗ് ആക്സസ് ചാനലിന് സമീപത്തുകൂടിയുള്ള പാലം സ്ഥാപിക്കാനാവാത്ത ഇടത്തു വിഭാവനം ചെയ്യുന്ന ഈ കോസ്റ്റൽ ഹൈവേയിൽ കപ്പൽ ഗതാഗത ബന്ധം നിലനിർത്തിയുള്ള അണ്ടർ വാട്ടർ ടണൽ നിർമാണ പ്രവർത്തനമാണ് ഉദ്ദേശിക്കുന്നതെന്ന് K-റെയിൽ .എം.ഡി. അജിത് കുമാർ പറഞ്ഞു.
പദ്ധതി പ്രകാരം എറണാകുളം ജില്ലയിൽ, തീരദേശ ഹൈവേ സൗത്ത് ചെല്ലാനത്തു നിന്ന് മുനമ്പം വരെ 48 കിലോമീറ്റർ ദൈർഖ്യമേറിയതാണ്. സൗത്ത് ചെല്ലാനം – കണ്ടക്കടവ് -മുണ്ടംവേലി-ഫോർട്ട് കൊച്ചി-വൈപ്പിൻ-പുതുവൈപ്പ് ബീച്ച്-ഞാറക്കൽ ഫിഷ് ഫാം-അനിയൽ ബീച്ച്-ചേരാ ബീച്ച്- വഴി മുനമ്പം വഴി ഹൈവേ കടന്നു പോകും . തയാറാക്കിയ ഫീസിബിലിറ്റി റിപ്പോർട്ട് പ്രകാരം, ആക്സിലറേറ്റഡ് സബ്സീ ടണൽ ഒരു പരിസ്ഥിതി സൗഹൃദപരമായ മികച്ച പരിഹാരമാകും.
ടണൽ റോഡ് യാഥാർഥ്യമാകുന്നതോടെ വൈപ്പീനും ഫോർട്ട് കൊച്ചിയും തമ്മിൽ തടസ്സമില്ലാത്ത യാത്രാ സംവിധാനം നിലവിൽ വരും. നിലവിലുള്ള NH 544 , NH 66 പാതകളിലെ നിലവിലെ ഗതാഗത കുരുക്കിന് ഒരു പരിധി വരെ ശമനമുണ്ടാകും. ഒരു ശരാശരി യാത്രക്കാരൻ ഫോർട്ട് കൊച്ചി മുതൽ ഹൈകോർട്ട് വരെയെത്തി മടങ്ങി പോകാൻ ഏകദേശം 2.5 മണിക്കൂർ സമയമെടുക്കുന്നു എന്നാണ് ഫീസിബിലിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. ചാനൽ ടണൽ അര മണിക്കൂർ മാത്രം എടുക്കുന്ന യാത്രയായി ഇതിനെ കുറയ്ക്കും . ടണൽ ഉപയോഗിക്കുന്ന ട്രക്കുകൾക്കും മറ്റ് വാഹനങ്ങളും സമയ, സാമ്പത്തിക ലാഭം ഉണ്ടാക്കിയിരിക്കും എന്ന് റിപ്പോർട്ട് പറയുന്നു. 20 കിലോമീറ്റർ വരെ വ്യാപിച്ചു കിടക്കുന്ന വൈപ്പീൻ ദ്വീപിന്റെ മുഴുവൻ പ്രദേശവും കണ്ണായ ഇടമായി മാറും. വൈപ്പീൻ മുതൽ പള്ളിപോർട്ട് വരെ ദ്വീപിൻറെ മുഴുവൻ പ്രദേശത്തും നിരവധി ടൂറിസം റിസോർട്ടുകളും മറ്റ് അനുബന്ധമായ സംവിധാനങ്ങളും ഉയർന്നുവരും. ഇവിടം ബീച്ച് ടൂറിസം, വാട്ടർ സ്പോർട്ട്സ് എന്നിവ വികസിപ്പിക്കാൻ വലിയ സാധ്യതയുള്ളതാണെന്നും റിപ്പോർട്ട് പറയുന്നു.
K-Rail is preparing to issue an Expression of Interest (EOI) for the Fort Kochi-Vypin Coastal Highway Tunnel project, a major infrastructure plan approved by the Transport Department. The dual-tube underwater tunnel aims to cut travel time significantly.
