കേരളത്തിന്റെ മനോഹാരിതയേയും പ്രകൃതിഭംഗിയേയും കുറിച്ച് വാചാലനാകുന്ന വ്യക്തിയാണ് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. കൊച്ചിയുടെ കുട്ടനാട് എന്ന വിശേഷണമുള്ള കടമക്കുടി സന്ദർശിക്കണമെന്ന് അദ്ദേഹം കുറച്ചു മുൻപ് സമൂഹമാധ്യമങ്ങളിലൂടെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ ആ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് അദ്ദേഹം. കൊച്ചിയിൽ നടന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ M101 നേതൃയോഗത്തിനു ശേഷമാണ് അദ്ദേഹം സ്വയം ഥാർ ഓടിച്ച് കടമക്കുടിയിലെത്തിയത്.
താൻ തനിക്കുതന്നെ നൽകിയ വാഗ്ദാനം പാലിച്ചതായി അദ്ദേഹം സമൂഹമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിൽ സന്ദർശനത്തെപ്പറ്റി കുറിച്ചു. കഴിഞ്ഞ ആഴ്ച കൊച്ചിയിൽ നടന്ന മഹീന്ദ്ര ഗ്രൂപ്പിന്റെ M101 വാർഷിക നേതൃസമ്മേളനത്തിന് ശേഷം, കടമക്കുടിയിലേക്ക് വാഹനമോടിച്ചു പോയി. ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിൽ ഒന്നാണ് കടമക്കുടിയെന്ന് പറയപ്പെടുന്നതിൽ സത്യമുണ്ടോ എന്നറിയാനായിരുന്നു യാത്രയെന്ന് അദ്ദേഹം പറഞ്ഞു. വൃത്തിയും നിർമലതയും ചേർന്ന കാഴ്ചയാണ് അനുഭവിക്കാനായതെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണെത്താവുന്ന ദൂരത്തോളം ശാന്തമായ കായൽ. കായലിൽ മെല്ലെ സഞ്ചരിക്കുന്ന ചെറു ബോട്ടുകൾ. സൂര്യപ്രകാശത്തിൽ തൂവലുകൾ അലങ്കരിച്ച് കൊക്കുകളും നീർക്കാക്കകളും. മനോഹരവും മയക്കുന്നതുമായ കാഴ്ച. ചില ഭൂപ്രകൃതികൾ മനസ്സിനെ തൊടുക മാത്രമല്ല, ഒപ്പം നമ്മെ പൂർണമായി പുനഃക്രമീകരിക്കുന്നു-അദ്ദേഹം പറഞ്ഞു. തന്റെ ഥാർ താൻ ഉത്തരവാദിത്വത്തോടെയും ജാഗ്രതയോടെയും ഓടിച്ചതായും അദ്ദേഹം പകുതി തമാശയെന്നോണം കൂട്ടിച്ചേർത്തു
Mahindra Group Chairman Anand Mahindra fulfilled his promise by driving a Thar to Kadalamakkudy, near Kochi, and shared on X that the village is among the world’s most beautiful, praising its pristine backwaters and tranquility.
