വിവിധ ബിസിനസ്സുകളുടെ വളർച്ചയ്ക്കും സ്ഥിരതയ്ക്കുമായി പ്രോസസ് ഓറിയന്റഡ് സംവിധാനങ്ങൾ നൽകുന്ന കൺസൾട്ടൻസി സ്ഥാപനമാണ് പ്രോഹബ്ബ് പ്രോസസ് മാനേജ്മെന്റ് (Prohub Process Management). സംരംഭകയാത്രയെക്കുറിച്ചും നിരവധി ബിസിനസ്സുകൾക്ക് വഴികാട്ടിയായതിനെക്കുറിച്ചും ചാനൽ ആയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ സംസാരിക്കുകയാണ് പ്രോഹബ്ബ് സിഇഒ ശ്രീദേവി (Sreedevi)
ഇന്ന് വിജയകരമായ സ്ഥാപനമെന്ന നിലയിൽ പരിചിതമായ പ്രോഹബ്ബിന്റെ പിറവിക്കു പിന്നിൽ, വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും പരിവർത്തനങ്ങളുമുണ്ട്. ബെംഗളൂരുവിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചാണ് ശ്രീദേവി സംരംഭക രംഗത്തേക്ക് എത്തുന്നത്. എസ്കെ കൺസൾട്ടൻസി എന്ന പേരിലായിരുന്നു സ്ഥാപനം ആരംഭിച്ചത്. അക്കാലത്ത് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ‘വിജയീ ഭവ’ സംരംഭക പരിശീലനം വഴിതിരിവായി. ബ്രാൻഡിംഗ് സംബന്ധിച്ച ക്ലാസിൽ അദ്ദേഹം പറഞ്ഞ ഒരു വാചകം ശ്രീദേവി ഇന്നും ഓർക്കുന്നു- നിങ്ങളുടെ ബ്രാൻഡ് ലോകത്തിന്റെ ഏത് കോണിലായാലും വ്യക്തതമായി തിരിച്ചറിയപ്പെടുന്ന ഒന്നാകണം. എസ്കെ കൺസൾട്ടൻസിയിൽ നിന്ന് Process Hub എന്ന പേരിലേക്കും പിന്നീട് പ്രോഹബ്ബിലേക്കും എത്തിയത് അങ്ങനെയാണ്. പ്രോഹബ്ബ് ആയി രംഗപ്രവേശം ചെയ്യുന്നതിനുമുൻപ് എസ്കെ കൺസൾട്ടൻസിക്ക് രണ്ട് വർഷത്തിലധികം പരിചയമുണ്ടായിരുന്നു. ഇന്ന് എട്ടാം വർഷത്തിലേക്ക് പ്രോഹബ്ബ് കടക്കുമ്പോൾ, പേര് മാറ്റത്തിന് അപ്പുറം ചിന്തയിലും പ്രവർത്തനത്തിലുമുള്ള മാറ്റമാണ് ശ്രീദേവി പ്രധാനമായി കാണുന്നത്. ക്ലയന്റുകൾക്കായി ചെയ്യുന്ന പരിവർത്തനങ്ങളുടെ പ്രതീകം കൂടിയാണ് പ്രോഹബ്ബ്.

ശ്രീദേവിയുടെ ബിസിനസ് ബോധത്തിന്റെ ആദ്യ വേരുകൾ വീട്ടിൽനിന്നു തന്നെയാണ്. ടെക്സ്റ്റൈൽ ബിസിനസ്സിൽ ഉയർച്ച-താഴ്ചകൾ അനുഭവിച്ച പിതാവിന്റെ ജീവിതവും ബിസിനസ്സും തന്നെയാണ് സ്വന്തം യാത്രയിലെ ആദ്യ പാഠമായി അവർ കാണുന്നത്. ബിസിനസ് വളരുമ്പോഴും ഭാവി പദ്ധതികൾ ഇല്ലാത്തതും നിർണായകമേഖലകളിലെ അപാകതകളുമെല്ലാം പ്രശ്നങ്ങളാണെന്ന് ശ്രീദേവി തിരിച്ചറിഞ്ഞതും അങ്ങനെയാണ്. താൻ കണ്ടുമുട്ടിയ ആയിരക്കണക്കിനു സംരംഭകരിലും ഇത്തരത്തിലുള്ള പാളിച്ചകൾ കാണാമെന്ന് ശ്രീദേവി പറയുന്നു. സംഘടിത മുന്നേറ്റത്തിന്റെ അഭാവം, സാമ്പത്തിക പദ്ധതികളുടെ കുറവ്, മൈക്രോമാനേജ്മെന്റ്, ഡെലിഗേഷൻ അഭാവം തുടങ്ങിയവയാണ് ഇത്തരത്തിൽ പൊതുവായി കണ്ടുവരുന്ന പ്രശ്നങ്ങൾ. ഇതിനുപുറമേ ബിസിനസ്സിന്റെ ഭാവി ദിശ കാണാതെ തീരുമാനങ്ങൾ എടുക്കുന്നതും വലിയ പ്രഹരം സൃഷ്ടിക്കും. ഇങ്ങനെ വരുമ്പോൾ ബിസിനസ് ഉടമ തന്നെ ബിസിനസ്സിന്റെ ഏറ്റവും വലിയ ബോട്ടിൽനെക്ക് ആയി മാറും.

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരവുമായണ് പ്രോഹബ്ബ് എത്തുന്നത്. സംരംഭങ്ങളുടെ എല്ലാ വളർച്ചാ ഘട്ടങ്ങളിലും ഇടപെടാൻ കഴിയുന്ന പരിഹാരങ്ങളാണ് പ്രോഹബ്ബ് നൽകുന്നത്. വയബിലിറ്റി സ്റ്റഡി, ഫിനാൻഷ്യൽ പ്രൊജക്ഷൻസ്, എച്ച്ആർ പിന്തുണ, അക്കൗണ്ടിംഗ് കംപ്ലയൻസുകൾ, ഡാഷ്‌ബോർഡുകളും എംഐഎസ് സംവിധാനങ്ങളും, ഡാറ്റാ-ഡ്രിവൺ തീരുമാനങ്ങൾ എന്നിങ്ങനെ നീളുന്നു കമ്പനിയുടെ സേവനങ്ങൾ. ഇതിനുപുറമേ ഔട്ട്‌സോഴ്സ്ഡ് സിഎഫ്ഒ സേവനങ്ങൾ, ബിസിനസ് പ്രോസസ് ഡിസൈൻ ആൻഡ് ഇംപ്ലിമെന്റേഷൻ, ഓട്ടോമേഷൻ മാർഗനിർദേശങ്ങൾ തുടങ്ങിയവയും പ്രോഹബ്ബ് നൽകുന്നു. സോഹോ പാർട്ണർഷിപ്പിനൊപ്പം ശ്രീദേവിയുടെ എസ്എപി പരിചയവും ചേർന്ന് ചെറിയ സ്റ്റാർട്ടപ്പുകൾ മുതൽ വലിയ സ്ഥാപനങ്ങൾക്കു വരെ പ്രോഹബ്ബ് സേവനെമത്തിക്കുന്നു.
ഇന്റീരിയർ ഡിസൈനർമാർ, ഫർണിച്ചർ നിർമാതാക്കൾ, സേവന സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, വലിയ സ്ഥാപനങ്ങൾ—എന്തുതരം വ്യവസായമാണെങ്കിലും, ഓരോ ബിസിനസിന്റെയും പ്രവർത്തനശൈലി, ആളുകൾ, മാനേജ്മെന്റ് മനോഭാവം എന്നിവ ആഴത്തിൽ പഠിച്ചാണ് പ്രോഹബ്ബ് ടീമിന്റെ പ്രവർത്തനം. ഒരേ മേഖലയിൽ പത്ത് ബിസിനസുകൾ ക്ലയന്റ് ആയി വന്നാലും പത്ത് രീതികളിലാകും അവയ്ക്കുവേണ്ട സേവനങ്ങൾ. അതുകൊണ്ടുതന്നെ ഓരോ ക്ലയന്റിനേയും ഫസ്റ്റ് ക്ലയന്റ് എന്ന നിലയ്ക്കാണ് കാണുന്നതെന്ന് ശ്രീദേവി പറയുന്നു. ക്ലയന്റുകളെ ഓൺബോർഡ് ചെയ്യുന്നതിലും ഈ രീതി പിന്തുടരുന്നു. ക്ലയന്റ് ആവശ്യം മനസ്സിലാക്കാനായി 1–3 മീറ്റിംഗുകൾ, തുടർന്ന് സോഫ്റ്റ് പ്രൊപ്പോസൽ, പിന്നീട് സ്കോപ്പ് ഫിനാൻഷ്യൽ ഏഗ്രിമെന്റ് എന്നിങ്ങനെ പോകും പ്രോസസ്. റീട്ടെയിൽ മോഡലിൽ മാസാന്ത്യ സേവനങ്ങൾ മുതൽ ഒരു വർഷം വരെ നീളുന്ന സിസ്റ്റം ആൻഡ് പ്രോസസ് പ്രോജക്ടുകൾ വരെ നീളുന്നതാണ് പ്ലാനുകൾ.
ശരിയായ മേഖലയിലാണോ, ബിസിനസ് തുടരണമോ, ഫിനാൻസ് എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ നിരവധി സംശയങ്ങളുമായാണ് പലപ്പോഴും ക്ലയന്റ്സ് പ്രോഹബ്ബിന്റെ അടുത്തെത്തുന്നത്. പരിമിതമായ മനോഭാവം ഉള്ളവരെ സഹായിക്കുന്നത് ബുദ്ധിമുട്ടാണെന്നും വളർച്ച ആഗ്രഹിക്കുന്നവരെ കൂടുതൽ വളർത്തുകയാണ് ഏറ്റവും വലിയ സംതൃപ്തിയെന്നും ശ്രീദേവി പറയുന്നു. അനുഭവസമ്പന്നരായ ഇടത്തരം–വലിയ ബിസിനസുകൾക്കും പ്രോഹബ്ബ് സർവീസ് നൽകുന്നു. റിപ്പോർട്ടിംഗ് സിസ്റ്റം ഇല്ലായ്മ, ഓട്ടോമേഷൻ, ഇആർപി മാറ്റങ്ങൾ, പ്രോസസ് പുനർനിർമാണം തുടങ്ങിയവയാണ് സാധാരണയായി ഇത്തരം കമ്പനികൾ തേടുന്ന സേവനങ്ങൾ. ബിസിനസ്സിന്റെ എത്രാമത്തെ വർഷമാണ് എന്നതല്ല, ഓരോ സംരംഭങ്ങളുടേയും പ്രശ്നമെന്താണ് എന്നത് ആഴത്തിൽ പഠിച്ചാണ് പ്രോഹബ്ബ് മുന്നോട്ടുപോകുന്നത്.
നിരവധി സംരംഭങ്ങളുടെ വളർച്ചയ്ക്കും സ്ഥിരതയ്ക്കും സഹായമായി നിന്ന ശ്രീദേവിക്ക് പൂർണ പ്രതിബദ്ധതയോടെ ബിസിനസ്സിൽ തുടരുക എന്നതാണ് സംരംഭകർക്ക് നൽകാനുള്ള സന്ദേശം. 100 ബിസിനസ്സ് തുടങ്ങുമ്പോൾ 3 വർഷമെങ്കിലും നിലനിൽക്കുന്നവ വളരെ കുറവാണ്. അതുകൊണ്ട് ആദ്യം തന്നെ അതിൽ സീരിയസാണ് എന്ന തീരുമാനം വേണം. മാർക്കറ്റ് സാധ്യതയുള്ള, സാമ്പത്തികമായി സാധുവായ ആശയമാണെങ്കിൽ പൂർണ പ്രതിബദ്ധതയോടെ അതിൽ തുടരണം. ഇതിനുപുറമേ നന്നായി അറിയാവുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുത്ത് അറിയാത്തവ വിദഗ്ധർക്കായി വിടുന്നതും പ്രധാനമാണ്. തുടർച്ചയായ പഠനമാണ് ബിസിനസ്സിൽ നിലനിൽക്കാൻ വേണ്ട മറ്റൊരു കാര്യം. ഒന്നും സ്വയം സംഭവിക്കില്ല എന്ന് തിരിച്ചറിഞ്ഞ് തീരുമാനങ്ങൾ പ്ലാൻ ചെയ്യാനാകണം. ഒപ്പം ഫിനാൻസ് നന്നായി മാനേജ് ചെയ്യാൻ കൂടി സാധിച്ചാൽ മികച്ച രീതിയിൽ സംരംഭങ്ങൾ മുന്നോട്ടു കൊണ്ടുപോകാമെന്ന് ശ്രീദേവി പറയുന്നു.
Sreedevi, CEO of Prohub Process Management, discusses her transition from a corporate career to building a consultancy that provides process-oriented systems, helping businesses achieve stability and growth.
