റഷ്യൻ പ്രതിരോധ സൈനിക നിർമ്മാണ മേഖലയിൽ കഴിവു തെളിയിക്കാൻ സാങ്കേതിക സഹകരണവുമായി രാജ്യത്തിന്റെ തന്നെ അഭിമാനമായ കെൽട്രോണും. ഇൻഡോ– റഷ്യൻ മിലിറ്ററി സാങ്കേതിക സഹകരണത്തിന്റെ ഭാഗമായി റഷ്യയിലെ പ്രമുഖ പ്രതിരോധ ഉൽപ്പന്ന നിർമാതാക്കളായ അഗാറ്റ്, സല്യൂട്ട് എന്നീ കമ്പനികളുമായി കെൽട്രോൺ സൈനിക, വാണിജ്യ മേഖലകളിൽ നിർമ്മാണ രംഗത്ത് സഹകരിക്കും. റഡാറുകൾ, ഫയർ കൺട്രോൾ സിസ്റ്റം, കൊമേഴ്സ്യൽ നാവിഗേഷൻ സിസ്റ്റം എന്നിവ നിർമിക്കുന്ന കമ്പനികളാണ് കെൽട്രോണുമായി കൈകോർക്കുക.

റഷ്യയിലെ പ്രധാന സൈനിക ഉപകരണ നിർമ്മാതാക്കളായ ജെഎസ്‌സി അഗറ്റ് (JSC Agat), ജെഎസ്‌സി സല്യൂട്ട് (JSC Salyut) എന്നിവയുടെ പ്രതിനിധികൾ കെൽട്രോൺ സന്ദർശിച്ച ശേഷമാണീ തീരുമാനം.
അഗറ്റിന്റെ ഡയറക്ടർ ഡെനിസ് കോസ്‌തിയൂക്, സല്യൂട്ടിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ. എ ഗാർസോവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കരകുളത്തെ കെൽട്രോൺ യൂണിറ്റും അരൂരിലെ കെൽട്രോൺ യൂണിറ്റും സന്ദർശിച്ച് അവിടുത്തെ സൗകര്യങ്ങളും നിർമ്മാണ ശേഷിയും മനസ്സിലാക്കി. പിന്നാലെ വ്യവസായ മന്ത്രി പി രാജീവുമായി നടത്തിയ കൂടിക്കാഴ്ചയോടെ സംഘം സൈനിക, വാണിജ്യ മേഖലകളിൽ കെൽട്രോണുമായി സഹകരിക്കാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നു.
റഡാറുകൾ, ഫയർ കൺട്രോൾ സിസ്റ്റങ്ങൾ തുടങ്ങിയവ നിർമ്മിക്കുന്ന ഈ റഷ്യൻ കമ്പനികൾ കെൽട്രോണിലെ ജോലിയുടെ നിലവാരത്തിൽ പൂർണ്ണ സംതൃപ്തി അറിയിച്ചു. പവർ സപ്ലൈസ്, ഡിസി കൺവെർട്ടറുകൾ, സിഗ്നൽ പ്രോസസ്സിംഗ് പോലുള്ള ഉപകരണങ്ങളുടെ രൂപകൽപ്പനയിലും നിർമ്മാണത്തിലും ഒരുമിച്ച് പ്രവർത്തിക്കാൻ കൂടിക്കാഴ്ചയിൽ ധാരണയാകുകയും അടുത്ത മൂന്ന് മാസത്തിനുള്ളിൽ ധാരണാപത്രം ഒപ്പിടാൻ തീരുമാനിക്കുകയും ചെയ്തു.
Kerala’s Keltron enters a strategic partnership with Russian defense majors JSC Agat and JSC Salyut to manufacture radars, fire control systems, and commercial navigation tools under the Indo-Russian military cooperation.
