സിനിമയുടെ സാമൂഹിക പ്രസക്തി എക്കാലത്തും ചർച്ചകളിൽ നിറയുന്ന ഒന്നാണ്. മലയാള സിനിമയിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ കടുത്ത സാമൂഹിക വിമർശനങ്ങൾ അവതരിപ്പിച്ച അപൂർവ പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. വികസനത്തിന്റെ പേരിലുള്ള അഴിമതികൾ, രാഷ്ട്രീയ കാപട്യം, സംരംഭങ്ങൾ തുടങ്ങാനുള്ള തടസ്സങ്ങൾ തുടങ്ങിയവ ഏറ്റവും ലളിതമായും ശക്തമായും ജനങ്ങളിലേക്ക് എത്തിച്ചതിന്റെ പേരിൽക്കൂടിയാണ് നാല് പതിറ്റാണ്ടിലേറെ നീണ്ട അദ്ദേഹത്തിന്റെ സിനിമാജീവിതം ഓർമിക്കപ്പെടുക.

ജീവിതാനുഭവങ്ങളാണ് കലാരൂപങ്ങൾക്ക് എക്കാലവും വിഷയമായിട്ടുള്ളത്. അവയിൽ ഭാവനയും അതിശയോക്തിയും അമാനുഷികതയും കലരുന്നു. സിനിമയും അങ്ങനെ തന്നെയാണ് രൂപമെടുക്കുന്നത്. അമാനുഷികതയ്ക്കു പകരം ശ്രീനിവാസൻ ചിത്രങ്ങളിൽ പൊള്ളയായ സാമൂഹിക യാഥാർത്ഥ്യങ്ങൾ ഹാസ്യത്തിൽ ചാലിച്ചു രൂപമെടുത്തു. അത് കപടരാഷ്ട്രീയക്കാർക്കും അഴിമതിയിൽ കുളിച്ച ഉദ്യോഗസ്ഥർക്കുമുള്ള ചാട്ടവാറടികളായി. വെള്ളാനകളുടെ നാട്, വരവേൽപ്പ് പോലുള്ള ചിത്രങ്ങൾ ചുവപ്പുനാടയിൽ കുടുങ്ങിയ സംരംഭങ്ങളുടെ കഥയായി. സംരംഭങ്ങൾ മുളയിലേ കരിയുന്നതിൽ ഉദ്യാഗസ്ഥവൃന്ദവും രാഷ്ട്രീയക്കാരും ട്രേഡ് യൂണിയനുകളും എങ്ങനെ കാരണമാകുന്നു എന്നതാണ് രണ്ട് സിനിമകളും പറയുന്നത്. മിഥുനത്തിലും സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന നായകൻ ഉദ്യോഗസ്ഥർക്കു മുന്നിൽ നട്ടംതിരിയുന്നു. അതേസമയം, ഞാൻ പ്രകാശനിൽ അതേ സാമൂഹിക സമീപനം അദ്ദേഹം വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചു. ഇന്നിന്റെ യുവത്വത്തിന്റെ അന്ധമായ വിദേശസ്വപ്നങ്ങൾ ചോദ്യം ചെയ്യുന്ന ചിത്രം, കാലം മാറിയാലും അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് മാറിയിട്ടില്ലെന്നതിന്റെ തെളിവായി. അധികാരകേന്ദ്രങ്ങളല്ല, സാധാരണ മനുഷ്യന്റെ സ്വാർത്ഥതകളാണ് പുതിയ കാലത്തെ പ്രശ്നമെന്ന തിരിച്ചറിവാണ് ഞാൻ പ്രകാശനിലൂടെ അദ്ദേഹം നൽകുന്നത്.
സംരംഭം വളരുന്നതിൽ ഭരിക്കുന്നവർക്കുള്ള പങ്ക് വലുതാണ്. ആ കാഴ്ചപ്പാടിൽ നോക്കുമ്പോൾ അധികാരവും അധികാരം കൈയ്യാളുന്നവരും ശ്രീനിവാസൻ സിനിമകളുടെ കേന്ദ്രബിന്ദുവായി. അരാഷ്ട്രീയതയുടെ മുഖമായി വ്യാഖ്യാനിക്കപ്പെട്ടെങ്കലും സന്ദേശവും അധികാരത്തിന്റെ കപടമുഖം തുറന്നുകാട്ടുകയും സാധാരണ മനുഷ്യന്റെ ജീവിതസത്യങ്ങൾ മുന്നിൽ കൊണ്ടുവരികയും ചെയ്യുന്ന സിനിമകളിൽ മുൻപന്തിയിലുണ്ട്. നരേന്ദ്രൻ മകൻ ജയകാന്തൻ വകയിലും പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്ന രാഷ്ട്രീയക്കാർ അപഹാസ്യ കഥാപാത്രങ്ങളായി. ഇങ്ങനെ വികസനമെന്ന വാക്ക് രാഷ്ട്രീയ മുദ്രാവാക്യവും അധികാരത്തിലേക്കുള്ള കോണിപ്പടികളുമായി മാറുന്ന കാലത്ത്, അതിന്റെ പിന്നിലെ അഴിമതികളും സ്വാർത്ഥതകളും തുറന്നുകാട്ടാൻ ശ്രീനിവാസൻ സിനിമകൾ ധൈര്യം കാട്ടി.
വികസനത്തിനു തടയിടുന്ന തൊഴിലില്ലായ്മയായിരുന്നു ശ്രീനിവാസന്റെ മറ്റൊരു പ്രധാന വിഷയം. ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ്, ടിപി ബാലഗോപാലൻ എംഎ, നാടോടിക്കാറ്റ് തുടങ്ങിയ സിനിമകളിലെ നായകൻമാർ അക്കാലത്തെ തൊഴിലില്ലാത്ത ആയിരക്കണക്കിനു ചെറുപ്പക്കാരുടെ ദൈന്യം നിറഞ്ഞ നേർരൂപമായി. അവിടേയും ഹാസ്യം വിട്ടില്ല എന്നതാണ് ശ്രദ്ധേയം. ഹാസ്യം ആയുധമാക്കി സാമൂഹിക വ്യംഗ്യം പറയുന്ന ശൈലിയാണ് ശ്രീനിവാസനെ വേറിട്ടുനിർത്തിയത്. ചിരിപ്പിക്കുന്ന രംഗങ്ങൾക്കിടയിൽ തന്നെ ചിന്തിപ്പിക്കുന്ന വാക്കുകൾ പ്രേക്ഷക മനസ്സിൽ പതിപ്പിക്കാൻ അദ്ദേഹത്തിനുണ്ടായ കഴിവ്, മലയാള സിനിമയിൽ അപൂർവമാണ്. സിനിമ വെറും വിനോദമല്ല, സമൂഹത്തോട് സംസാരിക്കാനുള്ള ശക്തമായ മാധ്യമമാണെന്ന് തെളിയിച്ച ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. കാലം മാറിയാലും അദ്ദേഹത്തിന്റെ സിനിമകൾ ഉയർത്തിയ ചോദ്യങ്ങൾ ഇന്നും പ്രസക്തമാണ്. വികസനവും രാഷ്ട്രീയവും അഴിമതിയും എന്നും ചർച്ചയാകുന്ന കാലത്ത്, ശ്രീനിവാസൻ സിനിമകൾ മലയാള സമൂഹത്തിന് മുന്നിൽ ഉയർത്തിയ കണ്ണാടികൾ എക്കാലവും തെളിഞ്ഞുതന്നെ നിലനിൽക്കും
Explore the real politics in Sreenivasan’s cinema, focusing on his sharp critique of corruption, failed entrepreneurship, and social hypocrisy through satire.
