ഭൂമി സുരക്ഷിതമാക്കാൻ പുതിയ ആശയങ്ങളും അവയിലേക്കു നയിച്ച വഴികളും പങ്കുവച്ച് കയ്യടി നേടി കുട്ടി ഗവേഷകർ. കുടുംബശ്രീ മിഷന്റെ ലിയോറ ഇന്നൊവേഷൻ കോൺക്ലേവിലാണ് പ്ലാസ്റ്റിക് ഭീഷണി, നദീ മലിനീകരണം തടയൽ, കടൽപായലിൽനിന്നു ബയോ പോളിമർ തുടങ്ങി കുട്ടികൾ നിരവധി ആശയങ്ങൾ അവതരിപ്പിച്ചത്. കുട്ടികൾ കണ്ടെത്തിയ ആശയ ങ്ങൾ ഗവേഷണത്തിൽ മാത്രം ഒതുങ്ങാതെ സംരംഭങ്ങളായി മാറ്റാൻ കഴിയണമെന്ന് വിധികർത്താക്കൾ അഭിപ്രായപ്പെട്ടു. കളമശേരി സ്റ്റാർട്ടപ് മിഷനിലെ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടി കുരുന്നുപ്രതിഭകളുടെ നൂതനാശയങ്ങൾ സമൂഹത്തിനുമുന്നിൽ തുറന്നുകാട്ടുന്നതായി. കുട്ടികളുടെ നൂതനാശയങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘ലിയോറ മൈ ലെെറ്റ്’ പുസ്തകം പരിപാടിയുടെ ഭാഗമായി പ്രകാശനം ചെയ്തു. 143 കുട്ടികളുടെ ആശയങ്ങളാണ് പുസ്തകത്തിലുള്ളത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എട്ടുമുതൽ 18 വയസ്സുവരെയുള്ള 650ഓളം കുട്ടികളാണ് കോൺക്ലേവിൽ പങ്കെടുത്തത്. കുടുംബശ്രീ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്തു. മാലിന്യസംസ്കരണം, ഡിജിറ്റൽ ടെക്നോളജി, കലയും സംസ്കാരവും എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികളുടെ പ്രബന്ധാവതരണ മത്സരങ്ങളും ശ്രദ്ധനേടി. കോൺക്ലേവിൽ മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി സംവദിച്ചു.
നേരത്തെ, കോൺക്ലേവ് നടി സരയു മോഹൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ അധ്യക്ഷനായി. സംസ്ഥാന ആസൂത്രണസമിതി അംഗം പ്രൊഫ. ജിജു.പി.അലക്സ്, കളമശേരി നഗരസഭാ കൗൺസിലർ കെ.ബി. ബാബുരാജ്, കുടുംബശ്രീ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ടി.എം. റജീന, പ്രോഗ്രാം ഓഫീസർ ഡോ. ബി. ശ്രീജിത്ത്, കേരള സ്റ്റാർട്ടപ് മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടോം ജോസഫ്, ഉദ്യം ലേണിങ് ഫൗണ്ടേഷൻ ഭാരവാഹി ടോണി ജോസ്, വിദ്യാഭ്യാസ വിദഗ്ധൻ രതീഷ് കാളിയാടൻ തുടങ്ങിയവർ സംസാരിച്ചു. സെന്റ് തെരേസാസ് കോളേജിലെ ഭൂമി കോ–ഓർഡിനേറ്റർ നിർമല പത്മനാഭൻ, തിങ്കർ ഹബ്ബ് സ്ഥാപക സിഇഒ മെഹർ മൂസ, സംവിധായകൻ ടി. ദീപേഷ്, കെൽ പോട്ടറി സ്ഥാപക കെ.വി. ലക്ഷ്മി എന്നിവർ വിവിധ സെഷനുകളിൽ വിധികർത്താക്കളായി.
Over 650 children participated in the Kudumbashree LIORA Innovation Conclave in Kochi, presenting ideas like biopolymers and waste management. Discover the highlights of the ‘LIORA My Light’ book.
