ഫെബ്രുവരി 1ന് കസ്റ്റം-മെയ്ഡ് 787-9 ഉപയോഗിച്ച് വാണിജ്യ സേവനങ്ങൾ ആരംഭിക്കാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ, പുതിയ ബോയിംഗ് 787 ഡ്രീംലൈനർ ഓർഡറുകളെക്കുറിച്ച് സൂചന നൽകി സിഇഒ കാംബെൽ വിൽസൺ. 2027–28ഓടെ ദീർഘദൂര വൈഡ്-ബോഡി ഫ്ലീറ്റിൽ കാര്യമായ മാറ്റമുണ്ടാകുമെന്നും ആദ്യത്തെ പുതിയ ഡ്രീംലൈനർ ഇതിനകം തന്നെ ഫ്ലീറ്റിൽ ചേർന്നതായും അദ്ദേഹം വ്യക്തമാക്കി.

ഈ മാസം ആദ്യം ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ ലൈൻ-ഫിറ്റ് (line fit) ബോയിംഗ് 787-9 ഡ്രീംലൈനർ വിമാനം ഏറ്റുവാങ്ങിയിരുന്നു. സ്വകാര്യവൽക്കരണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു ഡെലിവറി. യുഎസ്സിലെ സിയാറ്റിലിനടുത്തുള്ള ബോയിംഗ് എവററ്റ് ഫാക്ടറിയിലാണ് വിമാനത്തിന്റെ ടൈറ്റിൽ ട്രാൻസ്ഫർ പൂർത്തിയായത്. പ്രത്യേക എയർലൈൻ ആവശ്യങ്ങൾക്കനുസരിച്ച് നിർമിക്കുന്ന വിമാനങ്ങളെയാണ് ‘ലൈൻ-ഫിറ്റ്’ വിമാനങ്ങൾ എന്നു വിശേഷിപ്പിക്കുന്നത്.
ത്രീ ക്ലാസ് കോൺഫിഗറേഷനിലാണ് (ഇക്കണോമി, പ്രീമിയം ഇക്കണോമി, ബിസിനസ്) ഡ്രീംലൈനർ സജ്ജീകരിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലിരുന്ന കാലത്ത് എയർ ഇന്ത്യ അവസാനമായി ലൈൻ-ഫിറ്റ് ഡ്രീംലൈനർ ഏറ്റെടുത്തത് 2017 ഒക്ടോബറിലാണ്. 2023ൽ എയർ ഇന്ത്യ ബോയിംഗിന് നൽകിയ 220 വിമാനങ്ങളുടെ ഓർഡറിന്റെ ഭാഗമായാണ് ഡെലിവെറി. ഇതോടെ ടാറ്റ ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യയ്ക്ക് ലഭിക്കുന്ന ആദ്യ വൈഡ്-ബോഡി വിമാനവും, മൊത്തത്തിലുള്ള 52ആമത്തെ വിമാന ഡെലിവറിയുമാണിത്. നിലവിൽ ലയിപ്പിക്കപ്പെട്ട വിസ്താരയുടെ 787-8, 787-9 വിമാനങ്ങൾ ഉൾപ്പെടെ എയർ ഇന്ത്യയ്ക്ക് ഡ്രീംലൈനർ ഫ്ലീറ്റ് നിലവിലുണ്ട്. പുതുക്കിയ ഇന്റീരിയറുകളോടെ കൂടുതൽ ലെഗസി ഡ്രീംലൈനറുകൾ സർവീസിലേക്ക് എത്തുമെന്നും എയർ ഇന്ത്യ അറിയിച്ചു.
Air India CEO Campbell Wilson hints at additional Boeing 787 Dreamliner orders as the airline inducts its first custom-made ‘line-fit’ aircraft post-privatization.
