ദേശിയ പാത വികസനം പുരോഗമിക്കുന്നതിനു സമാന്തരമായി സംസ്ഥാനത്തെ എം.സി റോഡ് കിഫ്‌ബി വഴി നാലുവരിയായി പുനർനിർമ്മിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 5217 കോടി രൂപ വകയിരുത്തി. കേരളത്തിന്റെ യാത്രാസൗകര്യങ്ങളും സാങ്കേതിക-വിദ്യാഭ്യാസ മേഖലകളും മെച്ചപ്പെടുത്തുന്നതിനുള്ള നിർണ്ണായക പ്രഖ്യാപനങ്ങളാണ് സംസ്ഥാന ബജറ്റിലുള്ളത്. എം.സി റോഡിന്റെ വികസനം, കൊച്ചിയി ഇൻഫോപാർക്കിൽ AI സൈബർ വാലി, അന്താരാഷ്ട്ര നിലവാരത്തിലുള്ള ആഗോള സ്കൂൾ എന്നിവയാണ് ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രഖ്യാപനങ്ങളിൽ പ്രധാനം.
കഴിഞ്ഞ ബജറ്റുകളിൽ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയായും, അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ വേഗത നൽകുന്നതിനുമാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്.

തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിയായി പുനർനിർമ്മിക്കും. കിഫ്ബി വഴി 5217 കോടി രൂപയാണ് ഈ പദ്ധതിക്കായി നീക്കിവെക്കുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി വിവിധയിടങ്ങളിൽ ബൈപ്പാസുകളും ജംഗ്ഷനുകളും നിർമ്മിക്കും. ആദ്യഘട്ടമായി കൊട്ടാരക്കര ബൈപ്പാസിന് 110.36 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കൂടാതെ കിളിമാനൂർ, നിലമേൽ, ചടയമംഗലം, ആയൂർ, പന്തളം, ചെങ്ങന്നൂർ ബൈപ്പാസുകളുടെ നിർമ്മാണവും ഉടൻ ആരംഭിക്കും.
കൊച്ചി ഇൻഫോപാർക്ക് ഫേസ് ത്രീയിലെ 300 ഏക്കർ സ്ഥലത്ത് പി.പി.പി (PPP) മാതൃകയിൽ ഒരു ‘സൈബർ വാലി’ വികസിപ്പിക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഐടി അധിഷ്ഠിത സേവനങ്ങൾ എന്നിവയുടെ പ്രധാന കേന്ദ്രമായി ഇത് മാറും. ഈ പദ്ധതിക്കായി പ്രാരംഭ ഘട്ടത്തിൽ 30 കോടി രൂപ വകയിരുത്തി. ഡിജിറ്റൽ സംരംഭകത്വത്തിനും തൊഴിൽ സൃഷ്ടിക്കലിനും ആധുനിക നഗരജീവിത സൗകര്യങ്ങൾക്കും ‘സൈബർ വാലി’ കേന്ദ്രം മുൻഗണന നൽകും.
എം.സി റോഡ് വികസനം പൂർത്തിയാകുന്നതോടെ തെക്കൻ കേരളത്തിലെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നതായും ബാലഗോപാൽ സഭയിൽ പറഞ്ഞു .
കേരളത്തിലെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനായും തൊഴിൽ പഠനത്തിനുമായി പ്രതിവർഷം ഏകദേശം 8000 കോടി രൂപയിലധികം സംസ്ഥാനത്തിന് പുറത്തേക്ക് നൽകുന്നുണ്ടെന്നാണ് കണക്ക്. ഇത് കണക്കിലെടുത്ത്, അത്യാധുനിക സാങ്കേതിക വിദ്യയും പുതിയ കാലത്തിന് അനുയോജ്യമായ തൊഴിൽ പരിശീലനവും നൽകുന്ന ഒരു ‘ആഗോള സ്കൂൾ’ കേരളത്തിൽ സ്ഥാപിക്കും. ഫ്യൂച്ചർ ടെക്നോളജി (Future Technology), ടെക്നോ ഇക്കണോമിക്സ് എന്നിവയ്ക്കായിരിക്കും ഇവിടെ പ്രാധാന്യം നൽകുന്നത്.
Kerala Budget allocates ₹5,217 Cr via KIIFB to develop MC Road into a four-lane highway. Highlights include the Kochi AI Cyber Valley and a new Global School.
