വിദേശ വിമാനക്കമ്പനികൾക്ക് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളിലെ സീറ്റ് പരിധികളിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്ന് അദാനി എയർപോർട്ട്സ് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആഗോള വ്യോമയാന കേന്ദ്രമാകാനുള്ള തങ്ങളുടെ അഭിലാഷത്തെ നിയന്ത്രണങ്ങൾ പിന്നോട്ടടിക്കുന്നുവെന്ന് അദാനി എയർപോർട്ട്സ് പ്രതിനിധി പറഞ്ഞു.

ഉഭയകക്ഷി വ്യോമ സേവന കരാറുകളുടെ ഭാഗമായ ഈ പരിധികൾ ആഭ്യന്തര വിമാനക്കമ്പനികളെ സംരക്ഷിക്കുന്നതിനാണ് രൂപകൽപന ചെയ്തിരിക്കുന്നതെങ്കിലും വിദേശ വിമാനക്കമ്പനികൾക്ക് ഇത് നിരാശയുണ്ടാക്കുന്നതായി അദാനി എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് അരുൺ ബൻസാൽ പറഞ്ഞു. ഉദാഹരണമായി, ഇന്ത്യ–യുഎഇ ഉഭയകക്ഷി വ്യോമ സേവന കരാറിന് കീഴിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിവാര സീറ്റ് പരിധിയേക്കാൾ ആവശ്യകത വളരെ കൂടുതലാണെന്ന് ദുബായിലെ എമിറേറ്റ്സ് എയർലൈൻസ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയന്ത്രണങ്ങൾ വളർച്ചയെ തടസ്സപ്പെടുത്തുകയും അന്താരാഷ്ട്ര വിമാനക്കമ്പനികളെ നിരാശപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ, ആഭ്യന്തര വിമാനക്കമ്പനികളെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ നിലപാടിനെ ഇന്ത്യൻ വിമാനക്കമ്പനികൾ പിന്തുണയ്ക്കുന്നു. അതിവേഗം വളരുന്ന വ്യോമയാന വിപണി ഉദാരവൽക്കരണത്തെക്കുറിച്ചുള്ള ചർച്ച പ്രധാനമാണെന്നും ഇന്ത്യ പ്രധാന ഹബ്ബായി മാറണമെങ്കിൽ തുറന്ന സമീപനം വേണമെന്നും അദ്ദേഹം പറഞ്ഞു.
Adani Airports calls for easing seat limits on foreign airlines to help India become a global aviation hub. CEO Arun Bansal highlights the gap between demand and current bilateral caps.
