കൊച്ചി നഗരത്തിലെ മൊത്തം ഇലക്ട്രോണിക് പരസ്യ ബോർഡുകൾ (മാസ്റ്റർ ബോർഡുകൾ) എത്രയാണെന്ന് കണ്ടെത്താൻ കോർപറേഷൻ അധികാരികൾ പരിശോധന നടത്തും. പരിശോധനയിൽ മാനദണ്ഡ ലംഘനങ്ങൾ കണ്ടാൽ നടപടി സ്വീകരിക്കുമെന്നാണ് അറിയിപ്പ്. നഗരത്തിൽ അനധികൃത ഹോർഡിംഗുകൾ ഉണ്ടോ എന്ന് പരിശോധിച്ച് നടപടികൾ സ്വീകരിക്കുന്നതിനായി ടൗൺ പ്ലാനിങ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ നേതൃത്വത്തിൽ പ്രത്യേക ഡ്രൈവും നടക്കും.

മാസ്റ്റർ ബോർഡുകളുടെ എണ്ണം കണ്ടെത്തുന്നതിനും പരിശോധന നടത്തുന്നതിനും കോർപറേഷൻ സെക്രട്ടറിയെ ചുമതലയേൽപിച്ചു. മുൻ കൗൺസിൽ ഒരു സ്വകാര്യ ഏജൻസിക്ക് നഗരമെങ്ങും മാസ്റ്റർ ബോർഡുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിരുന്നു. ഇത് കൃത്യമായ എണ്ണത്തിലും മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണോ എന്നും സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തും. ബോർഡുകൾ പാലിക്കേണ്ട രീതിയിൽ സ്ഥാപിച്ചിട്ടില്ലെങ്കിലും കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ തടസ്സം സൃഷ്ടിക്കുകയോ ചെയ്താലും പിടി വീഴും. ഡ്രൈവിന്റെ റിപ്പോർട്ട് അടുത്ത കോർപറേഷൻ കൗൺസിൽ യോഗത്തിൽ സമർപ്പിക്കുമെന്ന് മേയർ വി.കെ. മിനിമോൾ അറിയിച്ചു. ലംഘനങ്ങൾ കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കും എന്നും അവർ പറഞ്ഞു.
Kochi Corporation launches a special drive to identify illegal electronic master boards. Mayor V.K. Minimol warns of strict action against violations and obstructions.
