Bacillus subtilis എന്നു കേൾക്കുമ്പോൾ ഹാരി പോട്ടർ സീരീസിലെ ഏതെങ്കിലും മാന്ത്രിക സ്പെല്ലാണെന്ന് തോന്നാം. എന്നാൽ അങ്ങനെയല്ല; മനുഷ്യരുടെ കുടലിലും പരിസ്ഥിതിയിലും സ്വാഭാവികമായി കാണപ്പെടുന്ന, രോഗകാരിയല്ലാത്ത പ്രോബയോട്ടിക് ബാക്ടീരിയയാണ് ഇത്. ഈ ബാക്ടീരിയയെ കേരളത്തിന്റെ സംസ്ഥാന സൂക്ഷ്മാണുവായി (State Microbe) പ്രഖ്യാപിച്ചതോടെ, സംസ്ഥാന സൂക്ഷ്മാണുവിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്.

സൂക്ഷ്മാണുക്കൾക്ക് മനുഷ്യാരോഗ്യത്തിലും പരിസ്ഥിതിയിലും കൃഷിയിലും വ്യവസായത്തിലുമുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുജനബോധവത്കരണം ലക്ഷ്യമിട്ടുള്ള പ്രതീകാത്മക അംഗീകാരമാണ് സംസ്ഥാന സൂക്ഷ്മാണു പ്രഖ്യാപനമെന്ന് സർക്കാർ വ്യക്തമാക്കി. സംസ്ഥാന ശാസ്ത്ര–സാങ്കേതിക–പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ രൂപീകരിച്ച വിദഗ്ധ സമിതിയാണ് Bacillus subtilisനെ തിരഞ്ഞെടുത്തത്. രോഗകാരിയല്ലാത്തതും കേരളത്തിൽ റിപ്പോർട്ട് ചെയ്തതുമായ, വിവിധ മേഖലകളിൽ പ്രയോഗയോഗ്യതയുള്ള സൂക്ഷ്മാണുക്കളെയാണ് പരിഗണിച്ചതെന്ന് സമിതി അറിയിച്ചു. ദൈനംദിന ജീവിതത്തിൽ സൂക്ഷ്മാണുക്കൾ നൽകുന്ന ഗുണഫലങ്ങളെക്കുറിച്ച് ശാസ്ത്രീയ അവബോധം വർധിപ്പിക്കണമെന്ന സെന്റർ ഓഫ് എക്സലൻസ് ഇൻ മൈക്രോബയോം ഡയറക്ടർ ഡോ. സാബു തോമസിന്റെ നിർദേശവും നീക്കത്തിൽ പ്രധാനമായി.
Kerala creates history by declaring Bacillus subtilis as its State Microbe. Learn why this beneficial probiotic bacteria was chosen and its importance to human health.
