യുണൈറ്റഡ് അറബ് എമിറേറ്റ്‌സുമായി (UAE) തന്ത്രപ്രധാനമായ പ്രതിരോധ പങ്കാളിത്ത കരാറിൽ ഒപ്പിട്ടതിന് തൊട്ടുപിന്നാലെ, സൗദി അറേബ്യയുമായി ഉന്നതതല സുരക്ഷാ, ഭീകരവിരുദ്ധ ചർച്ചകൾ നടത്തി ഇന്ത്യ. വിദേശകാര്യ പ്രതിനിധികൾ തമ്മിൽ റിയാദിൽ നടന്ന കൂടിക്കാഴ്ചയിൽ ആഗോളതലത്തിലും പ്രാദേശികമായും നിലനിൽക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ഇരുരാജ്യങ്ങളും ചർച്ച ചെയ്തു. ഭീകരവാദം നേരിടൽ, നിയമപാലന സഹകരണം, പുതിയ കാലത്തെ സുരക്ഷാ ഭീഷണികൾ എന്നിവയിലൂന്നിയായിരുന്നു ചർച്ചകളെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) അറിയിച്ചു.

സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന് കീഴിലുള്ള സെക്യൂരിറ്റി വർക്കിംഗ് ഗ്രൂപ്പിന്റെ മൂന്നാമത്തെ യോഗമാണ് റിയാദിൽ നടന്നത്. നിലവിലെ സുരക്ഷാ സഹകരണം വിലയിരുത്തിയ ഇരുപക്ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇരുരാജ്യങ്ങളുടെയും അയൽപക്കങ്ങളിലും ഭീകര സംഘടനകൾ ഉയർത്തുന്ന ഭീഷണികളെക്കുറിച്ചുള്ള വിലയിരുത്തലുകൾ പങ്കുവെച്ചു. അതിർത്തി കടന്നുള്ള ഭീകരവാദം ഉൾപ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെയും ഇന്ത്യയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. ഭീകരവാദം നേരിടുന്നതിനായി നിലവിലുള്ളതും ഉയർന്നുവരുന്നതുമായ വെല്ലുവിളികൾക്കെതിരെ സഹകരണം ശക്തമാക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു.
തീവ്രവാദം, റാഡിക്കലൈസേഷൻ, ഭീകരവാദത്തിന് പണം നൽകുന്ന രീതികൾ (Combating Financing of Terrorism), സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയൽ തുടങ്ങിയ വിഷയങ്ങളിൽ യോജിച്ചു പ്രവർത്തിക്കും. സംഘടിത കുറ്റകൃത്യങ്ങളും ഭീകരവാദവും തമ്മിലുള്ള അവിശുദ്ധ ബന്ധം തകർക്കാനുള്ള നീക്കങ്ങളും ചർച്ചയുടെ ഭാഗമായി. ഈ മാസം ആദ്യം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഡൽഹി സന്ദർശന വേളയിൽ ഇന്ത്യയും യുഎഇയും തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനായി ധാരണാപത്രം ഒപ്പിട്ടതിനു പിന്നാലെ സൗദിയുമായി നടന്ന ചർച്ചകൾക്ക് വലിയ നയതന്ത്ര പ്രാധാന്യമാണ് ഉള്ളത്.
Following a defense pact with the UAE, India held high-level anti-terror talks with Saudi Arabia in Riyadh. Both nations vowed to combat cross-border terrorism and terror financing.
