മലയാളികൾക്ക് ഏറെ സുപരിചിതമായ പേരാണ് കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ സി.ജെ. റോയിയുടേത്. ഇന്ത്യയിലും ഗൾഫ് മേഖലയിലും പടർന്നുപന്തലിച്ച റിയൽ എസ്റ്റേറ്റ് സംരംഭത്തിന്റെ അധിപൻ എന്നതിലപ്പുറം സിനിമാ നിർമാതാവ് എന്ന നിലയിലും വിനോദവ്യവസായ രംഗത്തും റിയാലിറ്റി ഷോകളിലൂടെയുമെല്ലാം അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. റീട്ടെയിൽ മേഖലയിലും ഹോസ്പിറ്റാലിറ്റി രംഗത്തും പേരെടുത്ത അദ്ദേഹം നിരവധി ജീവകാരുണ്യപ്രവർത്തനങ്ങളിലൂടെ ബിസിനസിനപ്പുറം ജീവകാരുണ്യത്തിന്റെ മുഖമായി.

കൊച്ചിയിൽ ജനിച്ച സി.ജെ. റോയ് കേരളം, കർണാടക, തമിഴ്‌നാട് ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയൽ എസ്റ്റേറ്റ് മേഖലയിലെ സജീവ സാന്നിധ്യമായിരുന്നു. സിനിമാ നിർമാണ മേഖലയിലും സജീവമായിരുന്നു അദ്ദേഹം. 2005ൽ സ്ഥാപിതമായ കോൺഫിഡന്റ് ഗ്രൂപ്പ്, റെസിഡൻഷ്യൽ അപ്പാർട്ടുമെന്റുകൾ, വില്ലകൾ, വാണിജ്യ സമുച്ചയങ്ങൾ, മിക്സഡ്-യൂസ് ഡെവലപ്‌മെന്റുകൾ എന്നിവയിലുടനീളമുള്ള പദ്ധതികളിലൂടെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ്, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പറാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, ഇടത്തരം, പ്രീമിയം ഭവന വിപണികളിൽ വലിയ പോർട്ട്‌ഫോളിയോയും ശക്തമായ ബ്രാൻഡും കെട്ടിപ്പടുത്ത കമ്പനി കർണാടകയിലും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും തങ്ങളുടെ സാന്നിധ്യം വ്യാപിപ്പിച്ചു. കമ്പനിയുടെ വളർച്ചാ തന്ത്രവും പ്രവർത്തനങ്ങളും രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച പ്രായോഗിക സംരംഭകനായാണ് റോയ് കണക്കാക്കപ്പെടുന്നത്.
കടരഹിത ബിസിനസ് പോലുള്ള രീതികളിലൂടെ ബിസിനസിൽ വേറിട്ട വഴിയിലൂടെ വിജയക്കൊടി പാറിച്ച സംരംഭകനായിരുന്നു റോയ്. ഫ്രാൻസിലും സ്വിറ്റ്സർലൻഡിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്. യുഎസ് ടെക് കമ്പനി എച്ച്പിയിലെ ജോലി ഉപേക്ഷിച്ചാണ് കോൺഫിഡന്റ് ഗ്രൂപ്പിന് തുടക്കമിട്ടത്. ഏഴു പേർ ചേർന്ന് 100 കോടി രൂപയുടെ പ്രാരംഭ നിക്ഷേപവുമായി ബെംഗളൂരുവിലായിരുന്നു തുടക്കം. പിന്നീട് കൊച്ചി, സിംഗപ്പൂർ, ദുബായ് തുടങ്ങിയ നഗരങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു. റിയൽ എസ്റ്റേറ്റ് രംഗത്ത് തുടങ്ങിയ കോൺഫിഡന്റ് ഗ്രൂപ്പ് പിന്നീട് വിദ്യാഭ്യാസം, ഗോൾഫിങ്, ബിൽഡിങ് മെറ്റീരിയൽ, എന്റർടെയ്ൻമെന്റ്, ഹോസ്പിറ്റാലിറ്റി മേഖലകളിലേക്കും വ്യാപിച്ചു. മോഹൻലാൽ ചിത്രം ‘കാസനോവയിലൂടെയാണ്’ അദ്ദേഹം സിനിമാനിർമാണ രംഗത്തേക്ക് പ്രവേശിച്ചത്. ഒട്ടേറെ ടിവി റിയാലിറ്റി ഷോകളുടെയും നിർമാണരംഗത്ത് റോയ് പ്രവർത്തിച്ചിട്ടുണ്ട്. ആതുരസേവന രംഗത്തു അദ്ദേഹം മുൻപന്തിയിലായിരുന്നു. കേരളത്തിലെ പ്രളയകെടുത്തിക്കു ശേഷം കോൺഫിഡന്റ് ഗ്രൂപ്പ് 100 വീടുകൾ പ്രളയബാധിതർക്ക് നിർമിച്ച് കൈമാറി. 100ലേറെ ഹൃദയശസ്ത്രക്രിയകൾക്കും സഹായം നൽകിയ അദ്ദേഹം കാൻസർ രോഗികൾക്ക് ഉൾപ്പെടെയും താങ്ങായി. ഇതിനുപുറമേ നിർധന കുടുംബങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾക്ക് സ്കോളർഷിപ്പും അദ്ദേഹം നൽകിയിരുന്നു.
സംരംഭക രംഗത്തെ ജൈത്രയാത്രയ്ക്കൊപ്പം സ്വാഭാവികമായും അദ്ദേഹത്തിന്റെ ആസ്തിയിലും വൻ വർധനയുണ്ടായി. എന്നാൽ ഇതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമല്ല. ഏകദേശം ഒരു ബില്യൺ ഡോളറിലധികം ആസ്തിയാണ് അദ്ദേഹത്തിനുള്ളതെന്ന് സ്ഥിരീകരിക്കാത്ത കണക്കുകളുണ്ട്. വാഹനപ്രേമി കൂടിയായ ഡോ.റോയിയുടെ ഗാരേജിൽ റോൾസ്-റോയ്സ് അടക്കം ഒട്ടേറെ ആഢംബര വാഹനങ്ങളും വിന്റേജ് വാഹനങ്ങളും നിറഞ്ഞിരുന്നു. ബെൻ്റ്ലിയും, മെഴ്‌സിഡേസും, ലംബോർഗിനിയും, ബുഗാട്ടി വെയ്റോണും നിറഞ്ഞ ഗാരേജിൽ 12ലധികം റോൾസ് റോയ്സ് കാറുകളാണ് ഉണ്ടായിരുന്നത്. ആഢംബര കാറുകൾക്കു പുറമേ ഗൾഫ്സ്ട്രീം G650 സ്വകാര്യ ജെറ്റും മുംബൈ, ദുബായ്, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിൽ ആഢംബര വസതികളും അദ്ദേഹത്തിനുണ്ടായിരുന്നു.
Explore the remarkable journey of CJ Roy, the visionary founder of Confident Group. From real estate and film production to his legendary luxury car collection and inspiring philanthropy.
