മോദി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിന്റെ പ്രതീക്ഷകളൊക്കെ നിരാശയായി മാറി. കേരളം കാത്തിരുന്ന അതിവേഗ റെയിൽപാത, എയിംസ് തുടങ്ങിയ പദ്ധതികളൊന്നും ബജറ്റിൽ പരാമർശിച്ചതേ ഇല്ല.
കേരളത്തെ ഉൾപ്പെടുത്തി അപൂർവ ധാതു ഇടനാഴി, കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ എന്നിവയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ധാതുസമ്പത്തുള്ള കേരളം, തമിഴ്‌നാട്, ഒഡിഷ, ആന്ധ്രപ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളെ കൂട്ടിച്ചേർത്ത് റെയർ എർത്ത് കോറിഡോർ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംസ്ഥാനങ്ങളിൽ അപൂർവ ഭൗമമൂലകങ്ങളുടെ ഗവേഷണവും ഖനനവും സംസ്‌കരണവും ഉത്പാദനവും വർധിപ്പിക്കാനുള്ള പദ്ധതിയാണിത്.
കടൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകത്തിലും കടലാമകൾക്കായി പ്രത്യേക പരിചരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. നാളികേര ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് ഗുണകരമായേക്കും. എന്നാൽ കേരളത്തിന് വേണ്ടി ഈ വിഭാഗങ്ങളിലും വ്യക്തമായ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല.
മൂന്ന് പുതിയ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടുകൾ ആരംഭിക്കുമെന്ന് ധനമന്ത്രി അറിയിച്ചിട്ടുണ്ട്. ഇത് കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്. ആയുർവേദ ഔഷധങ്ങളുടെ ലഭ്യത ഉറപ്പുവരുത്താനായി ഔഷധകൃഷി പ്രോത്സാഹിപ്പിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്കുവേണ്ടി ഹോസ്റ്റൽ സ്ഥാപിക്കും. വിദ്യാഭ്യാസ, തൊഴിൽ സംബന്ധമായ വെല്ലുവിളികൾ നേരിടുന്ന പെൺകുട്ടികൾക്കായാണ് ഈ ഹോസ്റ്റൽ. കേരളത്തിനെ പ്രത്യേകം എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ഈ പദ്ധതിയിൽ കേരളവും പെടും.
കേരളം പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ് പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല . റെയിൽവേ മന്ത്രാലയം കേരളത്തിൽ അതിവേഗ റെയിൽ പാതക്ക് ഡി പി ആർ തയാറാക്കുന്നതടക്കം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ബജറ്റിൽ ഒന്നും വകയിരുത്തിയിട്ടില്ല.
ഇന്ത്യയുടെ സെമികണ്ടക്ടർ പദ്ധതികളുടെ വികസനത്തിനായി 40,000 കോടി രൂപയുടെ പദ്ധതി ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ ( ISM 2.0) ധനമന്ത്രി പ്രഖ്യാപിച്ചു. സെമികണ്ടക്ടർ വ്യവസായവുമായി ബന്ധപ്പെട്ട ഗവേഷണം, പരിശീലനം എന്നിവയ്ക്കാവും മുൻതൂക്കം നൽകുകയെന്ന് ധനമന്ത്രി വ്യക്തമാക്കി. ആഗോള സെമികണ്ടക്ടർ മത്സരത്തിൽ ഇന്ത്യയ്ക്ക് ഊർജം പകരുന്ന പ്രഖ്യാപനമാണ് ബജറ്റിൽ ധനമന്ത്രി നടത്തിയിരിക്കുന്നത്.ഇത് കേരളത്തിലെ സംരംഭക-സ്റ്റാർട്ടപ്പ് മേഖലകൾക്ക് പ്രതീക്ഷ നൽകുന്നതാണ്.
Union Budget 2026 brings a mixed bag for Kerala. While the state is included in the new Rare Earth Corridor and Sea Turtle Conservation project, major demands like AIIMS and high-speed rail remain unaddressed. Explore the key takeaways for Kerala.
