ഫുഡ് ഡെലിവറി മേഖലയിലേക്ക് കടക്കാൻ ഒരുങ്ങി ഇ-കൊമേഴ്സ് ഭീമന്മാരായ ഫ്ലിപ്കാർട്ട് (Flipkart). വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ഈ വർഷം മെയ് മുതൽ ജൂൺ വരെ ബെംഗളൂരുവിൽ ഇതുമായി ബന്ധപ്പെട്ട പരീക്ഷണ പദ്ധതി പരിഗണിക്കുന്നു. പ്രാരംഭ ഘട്ടത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായാൽ 2026 അവസാനത്തോടെയോ അടുത്ത വർഷം ആദ്യമോ കൂടുതൽ വിപുലമായ പദ്ധതികൾ നടപ്പിലാക്കുകയാണ് ലക്ഷ്യം.

രണ്ട് വർഷങ്ങൾക്കു മുമ്പ് സർക്കാർ പിന്തുണയുള്ള ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് വഴി ഭക്ഷണ വിതരണത്തിലേക്ക് പ്രവേശിക്കാൻ കമ്പനി പദ്ധതിയിട്ടിരുന്നു. എന്നാൽ ആ ശ്രമങ്ങൾ ആദ്യകാല ചർച്ചകൾക്കപ്പുറം നീണ്ടില്ല. ഇപ്പോൾ ഐപിഒ (IPO) പ്രവേശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണത്തിന് കമ്പനി മുതിരുന്നത്. ഇതോടെ നിലവിൽ ഈ രംഗം അടക്കിവാഴുന്ന സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) എന്നീ മുൻനിര കമ്പനികൾക്ക് കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഒഎൻഡിസി (ONDC) പ്ലാറ്റ്ഫോം വഴിയാകും ഫ്ലിപ്കാർട്ട് ഫുഡ് ഡെലിവറി സേവനങ്ങൾ ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. സ്വന്തമായി ലോജിസ്റ്റിക്‌സ് നെറ്റ് വർക്ക് കെട്ടിപ്പടുക്കുന്നതിന് പകരം, നിലവിലുള്ള സർക്കാർ പിന്തുണയുള്ള ഇ-കൊമേഴ്സ് ശൃംഖലയെ ഉപയോഗപ്പെടുത്താനാണ് കമ്പനിയുടെ തീരുമാനം. റെസ്റ്റോറന്റുകളെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കാൻ ഒഎൻഡിസി പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തും. നേരത്തെ ഫുഡ് ഡെലിവറി പരീക്ഷിച്ചിരുന്ന ആമസോൺ ഇന്ത്യ ഈ മേഖലയിൽ നിന്ന് പിൻവാങ്ങിയ സാഹചര്യത്തിൽ, ഫ്ലിപ്കാർട്ടിന്റെ നീക്കം ഏറെ പ്രാധാന്യത്തോടെയാണ് വിപണി നോക്കിക്കാണുന്നത്.
E-commerce giant Flipkart is set to pilot food delivery services in Bengaluru by mid-2026. Leveraging the ONDC network, Flipkart aims to compete with industry leaders Swiggy and Zomato.
