ആധുനിക യുദ്ധക്കളങ്ങളിൽ വലിയ ഭീഷണിയുയർത്തുന്ന ഡ്രോൺ കൂട്ടങ്ങളെയും (Swarm drones) വ്യോമാക്രമണങ്ങളെയും നേരിടാൻ അത്യാധുനിക ലേസർ ആയുധങ്ങൾ വികസിപ്പിക്കുകയാണ് പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO). മിസൈലുകൾ ഉപയോഗിച്ച് ഡ്രോണുകളെ വെടിവെച്ചിടുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് ‘നിയർ സീറോ കോസ്റ്റ്’ പ്രത്യേകതയുള്ള ഡയറക്റ്റഡ് എനർജി വെപ്പൺ (DEW) പദ്ധതിയിലേക്ക് ഇന്ത്യ നീങ്ങുന്നത്. 100 കിലോവാട്ട് ഔട്ട്പുട്ട് പവർ പ്രതീക്ഷിക്കുന്ന ‘ദുർഗ-2’ (Directionally Unrestricted Ray-Gun Array-DURGA-II) ലേസർ സംവിധാനം ഡ്രോണുകൾക്ക് പുറമെ ക്രൂയിസ് മിസൈലുകൾ, ഹെലികോപ്റ്ററുകൾ എന്നിവയെയും നിമിഷങ്ങൾക്കുള്ളിൽ തകർക്കാൻ ശേഷിയുള്ളതാണ്. വെളിച്ചവേഗതയിൽ സഞ്ചരിക്കുന്ന ലേസർ രശ്മികൾ ഉപയോഗിക്കുന്നതിനാൽ ലക്ഷ്യസ്ഥാനത്തെ അതീവ കൃത്യതയോടെ തകർക്കാൻ ഇവയ്ക്ക് സാധിക്കും.

അതേസമയം 2025 ഏപ്രിലിൽ ആന്ധ്രാ പ്രദേശിലെ കുർണൂലിൽ നടന്ന പരീക്ഷണത്തിൽ ഡിആർഡിഒയുടെ 30 കിലോവാട്ട് ശേഷിയുള്ള ‘എംകെ-II(എ)’ ലേസർ സംവിധാനവും നിരവധി ഡ്രോണുകളെ വിജയകരമായി നിർവീര്യമാക്കി. പരമ്പരാഗത മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പരിമിതമായ എണ്ണം മിസൈലുകൾക്ക് ശേഷം റീലോഡ് ചെയ്യേണ്ടി വരുമ്പോൾ, വൈദ്യുതി ലഭ്യമാകുന്നിടത്തോളം ലേസർ ആയുധങ്ങൾ തടസ്സമില്ലാതെ ഉപയോഗിക്കാൻ കഴിയുമെന്നതാണ് പ്രധാന നേട്ടം. ശത്രു സെൻസറുകളും ഇലക്ട്രോണിക് സംവിധാനങ്ങളും തകർക്കാനും ലേസർ രശ്മികൾക്ക് കഴിയും. ഭാവിയിൽ ഇന്ത്യൻ വ്യോമ പ്രതിരോധ മേഖലയിൽ മിസൈലുകൾക്കൊപ്പം തന്നെ നിർണ്ണായകമായ പ്രതിരോധ കവചമായി ഈ ലേസർ ആയുധങ്ങൾ മാറുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
DRDO is strengthening India’s air defense with ‘DURGA-II’, a 100kW Directed Energy Weapon (DEW). These high-precision laser systems offer a near-zero cost solution to neutralize drones, missiles, and helicopters at the speed of light
