രാജ്യത്തെ ആദ്യത്തെ ‘എൽപിജി എടിഎമ്മുമായി’ (LPG ATM) ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL). ഹരിയാനയിലെ ഗുരുഗ്രാമിൽ ആരംഭിച്ച ഈ നൂതന സംവിധാനം വഴി ഉപഭോക്താക്കൾക്ക് 24 മണിക്കൂറും പാചകവാതക സിലിണ്ടറുകൾ ലഭ്യമാകും. ഗുരുഗ്രാമിലെ സെക്ടർ 33ലുള്ള പാർപ്പിട സമുച്ചയത്തിലാണ് പൈലറ്റ് പ്രോജക്റ്റിന്റെ ഭാഗമായി ഗ്യാസ് വെൻഡിംഗ് മെഷീൻ സ്ഥാപിച്ചിരിക്കുന്നത്. പഴയ ഇരുമ്പ് സിലിണ്ടറുകൾക്ക് പകരം ഭാരം കുറഞ്ഞ കമ്പോസിറ്റ് സിലിണ്ടറുകളാണ് എടിഎം വഴി വിതരണം ചെയ്യുന്നത്. വെറും 2 മുതൽ 3 മിനിറ്റിനുള്ളിൽ സിലിണ്ടർ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന ആകർഷണം.

നിലവിൽ ഭാരത് ഗ്യാസ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ഈ എടിഎമ്മിൽ 10 കിലോയുടെ സിലിണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഏകദേശം പത്ത് സിലിണ്ടറുകൾ വരെ ഒരേസമയം മെഷീനിൽ സൂക്ഷിക്കാം. ഇതിലെ സ്മാർട്ട് സെൻസർ സംവിധാനം വഴി സ്റ്റോക്ക് തീരുമ്പോൾ തന്നെ അടുത്തുള്ള ഗ്യാസ് ഏജൻസിക്ക് വിവരം ലഭിക്കുകയും ഉടൻ റീഫിൽ ഉറപ്പാക്കുകയും ചെയ്യും. രാത്രികാലങ്ങളിലും അവധി ദിവസങ്ങളിലും ഗ്യാസ് തീരുന്നവർക്ക് ഈ സംവിധാനം വലിയ അനുഗ്രഹമാകും. പൈലറ്റ് പ്രോജക്റ്റ് വിജയകരമായാൽ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കാൻ ബിപിസിഎൽ ലക്ഷ്യമിടുന്നുണ്ട്.
BPCL introduces India’s first LPG ATM in Gurugram. Get lightweight composite gas cylinders in just 2 minutes through this 24/7 smart vending machine
