ഇന്ത്യൻ കോർപ്പറേറ്റ് ലോകത്ത് പുതിയ ചരിത്രമെഴുതി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ്. ഒരു സാമ്പത്തിക വർഷം 10 ബില്യൺ ഡോളറിലധികം (ഏകദേശം 95,000 കോടി രൂപ) ലാഭം നേടുന്ന ആദ്യ ഇന്ത്യൻ കമ്പനിയെന്ന റെക്കോർഡാണ് റിലയൻസ് സ്വന്തമാക്കിയത്. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും റീട്ടെയിൽ, ഡിജിറ്റൽ സേവന മേഖലകളിലെ കരുത്തുറ്റ പ്രകടനമാണ് കമ്പനിയെ ഈ സമാനതകളില്ലാത്ത നേട്ടത്തിലേക്ക് നയിച്ചത്.

2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 95,754 കോടി രൂപയുടെ റെക്കോർഡ് വാർഷിക ലാഭവും 11.76 ലക്ഷം കോടി രൂപയുടെ വരുമാനവുമാണ് റിലയൻസ് കൈവരിച്ചത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഊർജ്ജ മേഖലയെ ബാധിച്ചതിനാൽ മാർച്ച് പാദത്തിൽ ലാഭത്തിൽ 8.9 ശതമാനം ഇടിവുണ്ടായെങ്കിലും, കൺസ്യൂമർ ബിസിനസുകളിലെ മികച്ച വളർച്ച വാർഷിക പ്രകടനത്തെ തുണച്ചു.
ആഗോളതലത്തിലെ വെല്ലുവിളികൾക്കിടയിലും ജിയോ പ്ലാറ്റ്ഫോംസ് (20,060 കോടി രൂപ), റിലയൻസ് റീട്ടെയിൽ (6,921 കോടി രൂപ) എന്നീ വിഭാഗങ്ങൾ മാർച്ച് പാദത്തിൽ മികച്ച ലാഭം (EBITDA) രേഖപ്പെടുത്തി. ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിനായി റിലയൻസിന്റെ ‘ന്യൂ എനർജി’ ഗിഗാ ഫാക്ടറികൾ പ്രവർത്തനസജ്ജമാക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചതായി ചെയർമാൻ മുകേഷ് അംബാനി അറിയിച്ചു.
Reliance Industries scripts history as the first Indian firm to hit $10 billion (₹95,000+ crore) in annual profit. Driven by Jio, Retail, and New Energy sectors, RIL achieves record revenue despite global market fluctuations
