ഇലോൺ മസ്കും അദ്ദേഹം സഹസ്ഥാപകനായ ഓപ്പൺ എഐയും (OpenAI) തമ്മിലുള്ള നിയമയുദ്ധത്തിന് കാലിഫോർണിയയിലെ ഓക്‌ലൻഡ് ഫെഡറൽ കോടതിയിൽ തുടക്കമായി. ജഡ്ജി ഇവോൺ ഗോൺസാലസ് റോജേഴ്സിന്റെ മേൽനോട്ടത്തിൽ ജൂറി തിരഞ്ഞെടുപ്പോടെയാണ് വിചാരണ ആരംഭിച്ചത്. ഓപ്പൺ എഐയുടെ സ്ഥാപക ലക്ഷ്യമായ ‘മനുഷ്യനന്മയ്ക്കായുള്ള കൃത്രിമബുദ്ധി’ എന്ന ആശയത്തിൽനിന്ന് വ്യതിചലിച്ച് മൈക്രോസോഫ്റ്റുമായി ചേർന്ന് ലാഭലക്ഷ്യത്തോടെയാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നതെന്നാണ് മസ്കിന്റെ പ്രധാന ആരോപണം.

കമ്പനിയുടെ പ്രാരംഭ ഘട്ടത്തിൽ താൻ നൽകിയ 38 മില്യൺ ഡോളർ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നൽകിയതാണെന്നും എന്നാൽ സാം ആൾട്ട്മാനും സംഘവും തന്നെ വഞ്ചിച്ചെന്നും മസ്ക് ആരോപിക്കുന്നു. സാം ആൾട്ട്മാനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കണമെന്നും 134 ബില്യൺ ഡോളർ നഷ്ടപരിഹാരം നൽകണമെന്നുമാണ് മസ്കിന്റെ ആവശ്യം. എന്നാൽ ഈ തുക തനിക്ക് വേണ്ടെന്നും ഓപ്പൺ എഐയുടെ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിഭാഗത്തിന് നൽകണമെന്നുമാണ് അദ്ദേഹം കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം, മസ്കിന്റെ ആരോപണങ്ങളെ ഓപ്പൺ എഐ ശക്തമായി നിഷേധിച്ചു. കമ്പനിയുടെ പൂർണ്ണ നിയന്ത്രണം ലഭിക്കാത്തതിനാലാണ് മസ്ക് ഇപ്പോൾ ഹറാസ്‌മെന്റ് ക്യാമ്പയിൻ നടത്തുന്നതെന്നും സ്വന്തം എഐ കമ്പനിയായ ‘xAI’ക്ക് വേണ്ടിയാണ് ഈ നീക്കമെന്നും ഓപ്പൺ എഐ തിരിച്ചടിച്ചു. ശതകോടീശ്വരന്മാർ തമ്മിലുള്ള ഈ പോരാട്ടം ആഗോള എഐ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.
Elon Musk’s legal battle against OpenAI and Sam Altman begins in California. Musk alleges betrayal of the company’s original nonprofit mission and demands $134 billion in damages. Get the full details of the Musk vs OpenAI trial
