കൊളംബിയന് മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ സ്വകാര്യ മൃഗശാലയിൽ വളർന്നുവന്ന ‘കൊക്കെയ്ൻ ഹിപ്പോ’കളെ (Cocaine Hippos) കൊന്നൊടുക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെട്ട് അനന്ത് അംബാനി. കൊളംബിയൻ സർക്കാർ കൊല്ലാൻ ലക്ഷ്യമിടുന്ന 80 ഹിപ്പോപ്പൊട്ടാമസുകളെ ഗുജറാത്തിലെ തന്റെ വന്യജീവി സങ്കേതമായ ‘വൻതാര’യിലേക്ക് (Vantara) മാറ്റാൻ തയാറാണെന്ന് അനന്ത് അറിയിച്ചു. 1980കളിൽ എസ്കോബാർ കൊളംബിയയിലേക്ക് അനധികൃതമായി എത്തിച്ച ഈ മൃഗങ്ങളുടെ എണ്ണം നിലവിൽ 160 ആയി വർദ്ധിക്കുകയും, അവ പ്രാദേശിക ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുകയും ചെയ്തതോടെയാണ് ഇവയെ കൊന്നൊടുക്കാൻ കൊളംബിയൻ സർക്കാർ തീരുമാനിച്ചത്.

ജീവനുള്ള ഏതൊരു ജീവിയെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും ഈ ഹിപ്പോകൾക്ക് അവയുടെ ജന്മസ്ഥലമോ സാഹചര്യങ്ങളോ തിരഞ്ഞെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും അനന്ത് അംബാനി സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഗുജറാത്തിലെ ജാംനഗറിൽ 2000ത്തിലധികം സ്പീഷീസുകളിലായി ഒന്നര ലക്ഷത്തോളം മൃഗങ്ങളെ സംരക്ഷിക്കുന്ന വൻതാരയിൽ ഈ ഹിപ്പോകൾക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. കൊളംബിയൻ പരിസ്ഥിതി മന്ത്രി ഐറീൻ വെലെസ് ടോറസിന് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്തു നൽകിയതായും വൻതാര അധികൃതർ സ്ഥിരീകരിച്ചു.
കുടിയേറ്റ വർഗ്ഗമായി കണക്കാക്കപ്പെടുന്ന ഈ ഹിപ്പോകളുടെ എണ്ണം 2030ഓടെ 500 കടക്കുമെന്നും ഇത് നദീതടങ്ങളിലെ മറ്റ് ജീവജാലങ്ങൾക്ക് ഭീഷണിയാണെന്നുമാണ് കൊളംബിയൻ സർക്കാരിന്റെ വാദം. എന്നാൽ വൻതാരയിലെ വിദഗ്ധ സംഘം കൊളംബിയൻ ഉദ്യോഗസ്ഥരുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും, സർക്കാർ അനുമതി നൽകുകയാണെങ്കിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുതന്നെ ഇവയെ ഇന്ത്യയിലേക്ക് എത്തിക്കുമെന്നും അനന്ത് അംബാനി വ്യക്തമാക്കി. നേരത്തെ മെക്സിക്കോ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവയെ മാറ്റാൻ ശ്രമം നടന്നിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം അത് വിജയിച്ചിരുന്നില്ല.
Anant Ambani offers a lifeline to 80 of Pablo Escobar’s “Cocaine Hippos” facing culling in Colombia. Discover how his wildlife sanctuary, Vantara, plans to relocate and provide lifelong care for these animals in Jamnagar, India
