വിദേശ നിക്ഷേപകരെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കുന്നതിനായി ‘ഗോൾഡൻ വിസ’ ഉൾപ്പെടെയുള്ള പരിഷ്കാരങ്ങളുമായി കസാക്കിസ്ഥാൻ. പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവ് ഒപ്പുവെച്ച പുതിയ ഉത്തരവ് പ്രകാരം, പരമ്പരാഗത ക്വാട്ടാ സമ്പ്രദായത്തിന് പകരം കൂടുതൽ ഇളവുകളുള്ള നിക്ഷേപ സൗഹൃദ നയത്തിലേക്കാണ് രാജ്യം മാറുന്നത്. ഇതിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ‘അൽട്ടിൻ വിസ’ (ഗോൾഡൻ വിസ) സ്വന്തമാക്കുന്നവർക്ക് വ്യക്തിഗത ആദായനികുതി, സ്വത്ത് നികുതി എന്നിവയിൽ നിന്ന് പൂർണ്ണ ഇളവ് ലഭിക്കുന്നതിനൊപ്പം കസാക്കിസ്ഥാൻ പൗരന്മാർക്ക് തുല്യമായ സർക്കാർ സേവനങ്ങളും ലഭ്യമാകും.

ഐടി വിദഗ്ധർക്കും ശാസ്ത്രജ്ഞർക്കും ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും രാജ്യത്ത് താമസിച്ച് ജോലി ചെയ്യുന്നതിനായി പ്രത്യേക ‘സ്കിൽഡ് വർക്കർ’ വിസകളും സർക്കാർ അനുവദിക്കും. വിദേശികൾക്ക് കസാക്കിസ്ഥാനിൽ നേരിട്ട് എത്താതെ തന്നെ നിക്ഷേപം നടത്താൻ സഹായിക്കുന്ന ‘ഇ-റെസിഡൻസി ഇൻവെസ്റ്റ്’ (e-Residency) പദ്ധതിയും ഇതിന്റെ ഭാഗമാണ്. വിദേശ പ്രൊഫഷണലുകളുടെയും കുടുംബങ്ങളുടെയും സൗകര്യാർത്ഥം അസ്താന, അൽമാട്ടി തുടങ്ങിയ നഗരങ്ങളിൽ ഇംഗ്ലീഷ് ഭാഷാ സേവനങ്ങൾ നിർബന്ധമാക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിനായി ‘അൽമാട്ടി എഐ ഹബ്’ സ്ഥാപിക്കാനും പുതിയ നയം ലക്ഷ്യമിടുന്നു.
Kazakhstan introduces the ‘Altyn Visa’ (Golden Visa) with full income and property tax exemptions, along with e-residency and skilled worker visas to attract global investors and IT experts.
