മുപ്പത് വർഷങ്ങൾക്കിടെ രാജ്യത്തെ മുന്നൂറിലേറെ ആഡംബര ഹോട്ടലുകളിൽ താമസിച്ച് പണമടക്കാതെ മുങ്ങി തട്ടിപ്പ് നടത്തിയ 69കാരൻ പൊലീസ് പിടിയിൽ. തമിഴ്നാട് സ്വദേശിയായ ബിങ്സൺ ജോണിനെയാണ് ഛത്തീസ്ഗഢ് പൊലീസ് ഒഡീഷയിൽനിന്ന് പിടികൂടിയത്. റായ്പുരിലെ ഹയാത്ത് ഹോട്ടലിൽ നടത്തിയ തട്ടിപ്പിലാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. 2022ൽ കേരളത്തിലും ഇത്തരത്തിലുള്ള കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു.

വ്യാജ തിരിച്ചറിയൽ രേഖകൾ ഹാജരാക്കി ആഢംബര ഹോട്ടലുകളിൽ മുറിയെടുക്കുന്നതാണ് ഇയാളുടെ പതിവ്. ടൂറിസ്റ്റ് ഗൈഡ്, ഇംഗ്ലീഷ് അധ്യാപകൻ, യോഗ പരിശീലകൻ എന്നിങ്ങനെയുള്ള വ്യാജ ഐഡന്റിറ്റികളിലാണ് പ്രതി ഹോട്ടലുകളിൽ പരിചയപ്പെടുത്താറുള്ളത്. തുടർന്ന് ദിവസങ്ങളോളം ഹോട്ടലിൽ താമസിച്ച് ഭക്ഷണവും മറ്റ് സർവീസുകളും ഉപയോഗിച്ച് ബില്ലടയ്ക്കാതെ അപ്രത്യക്ഷമാകുന്നതാണ് രീതി. ഇതിനിടെ ചില ഹോട്ടലുകളിൽനിന്ന് വിലയേറിയ വസ്തുക്കളും ഇയാൾ മോഷ്ടിച്ചിരുന്നു.
റായ്പുരിലെ ഹയാത്ത് ഹോട്ടലിൽ രണ്ടുദിവസത്തെ താമസത്തിന് ഏകദേശം 63,755 രൂപ ബിൽ ആയി. ഈ പണം നൽകാതെ മുങ്ങിയ പ്രതി ഹോട്ടലിൽനിന്ന് 1.48 ലക്ഷം രൂപ വിലയുള്ള ലാപ്ടോപ്പും കവർന്നിരുന്നു. സംഭവത്തിൽ ഹോട്ടൽ അധികൃതരുടെ പരാതിയിലാണ് റായ്പുർ പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ മൊബൈൽഫോൺ വിവരങ്ങളും മറ്റും പരിശോധിച്ച പൊലീസ് സംഘം, ഇയാൾ ഒഡീഷയിലെ ഭുവനേശ്വറിലുണ്ടെന്ന് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. 1990 മുതൽ ഇത്തരത്തിൽ തട്ടിപ്പ് നടത്താറുണ്ടെന്നാണ് പ്രതി നൽകിയ മൊഴി. 2022ൽ തിരുവനന്തപുരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സമാനരീതിയിൽ തട്ടിപ്പ് നടത്തിയ ഇയാളെ പിന്നീട് കൊല്ലത്തുവെച്ച് പൊലീസ് പിടികൂടിയിരുന്നതായും പൊലീസ് പറഞ്ഞു.
1996ലാണ് ജോൺ ആദ്യം അറസ്റ്റിലായത്. 15 വർഷത്തിനിടെ കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലായി ഒരേ സ്വഭാവമുള്ള തട്ടിപ്പുകളിൽ പിടിക്കപ്പെട്ടു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷവും അതേ തട്ടിപ്പ് തുടർന്നു. കുപ്രസിദ്ധ തട്ടിപ്പുകാരനും സീരിയൽ കില്ലറുമായ ചാൾസ് ശോഭരാജാണ് തനിക്ക് പ്രചോദനമെന്നായിരുന്നു ചോദ്യം ചെയ്യലിൽ ജോണിന്റെ മൊഴി. ചാൾസ് വ്യാജ രേഖകൾ ഉപയോഗിച്ച് നടത്തുന്ന ആൾമാറാട്ടമാണ് താനും പിന്തുടരുന്നതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു
69-year-old serial fraudster Bingson John, inspired by Charles Sobhraj, was arrested by Chhattisgarh Police after conning over 300 five-star hotels since 1990.
