കൊച്ചി കളമശ്ശേരിയിലെ കൊച്ചിൻ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷന് സമീപം ഐഐഎം കോഴിക്കോടിന്റെ പുതിയ ക്യാമ്പസ് പ്രവർത്തനം ആരംഭിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നിർമ്മിച്ച ഈ അത്യാധുനിക ‘അർബൻ ലേണിംഗ് സെന്റർ’, ആഗോള നിലവാരത്തിലുള്ള മാനേജ്മെന്റ് വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നത്. ഐഐഎം കോഴിക്കോടിന്റെ 30ആം വാർഷികത്തിൽ ആരംഭിക്കുന്ന ഈ പുതിയ ക്യാമ്പസ്, കാക്കനാട് ഇൻഫോപാർക്കിലെ പഴയ ക്യാമ്പസിൽ നിന്ന് കൂടുതൽ സൗകര്യങ്ങളുള്ള ഇടത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് സജ്ജീകരിച്ചിരിക്കുന്നത്.

കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റയുടെ സാന്നിധ്യത്തിൽ ഐഐഎംകെ ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജിയാണ് ക്യാമ്പസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. 40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ആറ് നിലകളിലായി നിർമ്മിച്ചിരിക്കുന്ന ഈ കെട്ടിടം അത്യാധുനിക സാങ്കേതിക സൗകര്യങ്ങളാൽ സമ്പന്നമാണ്. സ്മാർട്ട് ക്ലാസ്റൂമുകൾ, ആധുനിക ലൈബ്രറി, സഹകരണ പഠനത്തിനായുള്ള ഇടങ്ങൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹൈബ്രിഡ്, ബ്ലെൻഡഡ് ലേണിംഗ് മോഡലുകൾക്ക് പ്രാധാന്യം നൽകുന്ന ക്യാമ്പസിൽ നിലവിൽ ബാച്ചിലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, എക്സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (ഇപിജിപി) എന്നീ കോഴ്സുകളാണ് നടപ്പിലാക്കുന്നത്. ഭാവിയിൽ കൂടുതൽ എക്സിക്യൂട്ടീവ് പ്രോഗ്രാമുകളും അന്താരാഷ്ട്ര സഹകരണത്തോടെയുള്ള പഠന പദ്ധതികളും ഇവിടെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
IIM Kozhikode has opened a modern 40,000 sq ft urban learning centre near Kochi Metro’s Cochin University station in Kalamassery.
