രാജ്യത്ത് വമ്പൻ നിക്ഷേപത്തിന് ഹിൻഡാൽകോ ഇൻഡസ്ട്രീസ്. അടുത്ത മൂന്ന് വർഷത്തിനിടെ കമ്പനി ഇന്ത്യയിൽ 50,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതിന് പുറമെ 50,000 കോടി രൂപയുടെ അധിക വളർച്ചാ പദ്ധതികളും കമ്പനി വിലയിരുത്തുന്നുണ്ട്. ഇതോടെ രാജ്യത്ത് മൊത്തം ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ സാധ്യതയാണ് ഹിൻഡാൽകോ ലക്ഷ്യം വെയ്ക്കുന്നത്. കമ്പനിയുടെ 67ആമത് വാർഷിക പൊതുയോഗത്തിൽ ചെയർമാൻ കുമാർ മംഗളം ബിർളയാണ് വമ്പൻ പ്രഖ്യാപനം നടത്തിയത്.

ഖനനം, അപ്സ്ട്രീം, ഡൗൺസ്ട്രീം പ്രവർത്തനങ്ങൾ എന്നിവയുടെ ശേഷി വർധിപ്പിക്കുകയാണ് നിക്ഷേപ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്ന് കുമാർ ബിർള പറഞ്ഞു. രാജ്യത്തെ ലോഹ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ ഭാവിയിലേക്കുള്ള ഉൽപ്പാദന ശേഷി ഉറപ്പാക്കാനും വിഭവസുരക്ഷ ശക്തിപ്പെടുത്താനും കമ്പനി വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനകം തന്നെ വിവിധ പദ്ധതികൾക്കായി 50,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും, ഇതിന് പുറമെ സമാന മൂല്യമുള്ള കൂടുതൽ നിക്ഷേപ സാധ്യതകൾ വിലയിരുത്തുകയാണ്. ഈ നിക്ഷേപ പദ്ധതികൾ യാഥാർഥ്യമായാൽ ഹിൻഡാൽകോയുടെ വളർച്ചയ്ക്ക് പുതിയ ദിശ നൽകുന്നതിനൊപ്പം ഇന്ത്യയുടെ വർധിച്ചുവരുന്ന ലോഹ ആവശ്യങ്ങൾ നിറവേറ്റുന്നതിനും സഹായകരമാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.
അലുമിനിയം ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി ഹിൻഡാൽകോ നടപ്പാക്കുന്ന പദ്ധതികളും വേഗത്തിൽ പുരോഗമിക്കുകയാണ്. ആദിത്യ സ്മെൽട്ടറിന്റെ ഘട്ടംഘട്ടമായുള്ള വികസന പ്രവർത്തനങ്ങൾ നിശ്ചയിച്ച സമയക്രമപ്രകാരം മുന്നേറുകയാണെന്നും ഇതിലൂടെ 3.74 ലക്ഷം ടൺ അധിക ഉൽപ്പാദന ശേഷി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹാൻ പ്ലാന്റിലെ സമാന വികസന പദ്ധതിയും നിലവിൽ വിലയിരുത്തുന്നുണ്ട്. ഈ രണ്ട് പദ്ധതികളും പൂർത്തിയായാൽ ഹിൻഡാൽകോയുടെ അലുമിനിയം സ്മെൽട്ടിംഗ് ശേഷി 20 ലക്ഷം ടണ്ണിലധികമായി ഉയരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
അതേസമയം രാജ്യത്ത് വൈദ്യുതീകരണം, പുനരുപയോഗ ഊർജം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുടെ വ്യാപനത്തോടെ ചെമ്പിന്റെ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ കോപ്പർ ബിസിനസിലും കമ്പനി വൻതോതിൽ നിക്ഷേപം നടത്തുകയാണ്. വഡോദരയിലെ ഇൻറർ-ഗ്രൂവ്ഡ് ട്യൂബ്സ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞതായും ഈ വർഷം മുഴുവൻ ഉൽപ്പാദനം ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. 50,000 ടൺ ശേഷിയുള്ള കോപ്പർ ഇ-മാലിന്യ റീസൈക്ലിങ് പ്ലാന്റ് അടുത്ത മാസങ്ങളിൽ പ്രവർത്തനം ആരംഭിക്കുമെന്നും പിന്നീട് ഇതിന്റെ ശേഷി രണ്ട് ലക്ഷം ടണ്ണായി ഉയർത്താനാണ് പദ്ധതിയെന്നും ബിർള വ്യക്തമാക്കി. ദഹേജിലെ മൂന്ന് ലക്ഷം ടൺ ശേഷിയുള്ള കോപ്പർ സ്മെൽട്ടർ വികസന പദ്ധതി 2028-29 സാമ്പത്തിക വർഷത്തോടെ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ നിക്ഷേപങ്ങളിലൂടെ പ്രതിവർഷം 10 ലക്ഷം ടൺ ശേഷിയുള്ള സംയോജിതവും ഡൗൺസ്ട്രീം അധിഷ്ഠിതവുമായ കോപ്പർ ബിസിനസ് സൃഷ്ടിക്കാനാണ് ഹിൻഡാൽകോ ലക്ഷ്യമിടുന്നത്. പദ്ധതി പൂർത്തിയായാൽ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ കോപ്പർ കമ്പനികളിലൊന്നായി മാറാൻ ഹിൻഡാൽകോയ്ക്ക് സാധിക്കുമെന്ന് ബിർള അവകാശപ്പെട്ടു.
അലുമിന മേഖലയിലും വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആദിത്യ അലുമിന റിഫൈനറിയുടെ വികസന പദ്ധതി തൃപ്തികരമായി മുന്നേറുകയാണെന്നും, ചക്ല, ബന്ധ എന്നീ ക്യാപ്റ്റീവ് കൽക്കരി ഖനികളിൽ നിന്ന് അടുത്ത വർഷം കൽക്കരി ഉൽപ്പാദനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. മീനാക്ഷി ക്യാപ്റ്റീവ് കൽക്കരി ഖനി 2028-29 സാമ്പത്തിക വർഷത്തോടെ പ്രവർത്തനം ആരംഭിക്കുമെന്നും ബിർള കൂട്ടിച്ചേർത്തു.
ഹിൻഡാൽകോയുടെ അമേരിക്കൻ അനുബന്ധ സ്ഥാപനമായ നോവെലിസിന്റെ പ്രവർത്തനങ്ങളിലും നിർണായക മുന്നേറ്റങ്ങളുണ്ടാകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഒസ്വീഗോ പ്ലാന്റിന്റെ പുനരാരംഭിക്കും. പുറമേ 2026ന്റെ രണ്ടാം പകുതിയിൽ ബേ മിനെറ്റ് പ്ലാന്റിന്റെ പ്രവർത്തനം ആരംഭഭിക്കും. ഇവ കമ്പനിക്ക് സുപ്രധാന വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. ബേ മിനെറ്റ് പ്ലാന്റ് പൂർണശേഷിയിലേക്ക് ഉയരുന്നതോടെ ബിവറേജ് പാക്കേജിങ്, വാഹന നിർമാണം, സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങൾ തുടങ്ങിയ പ്രധാന വിപണികളിലെ നോവെലിസിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുകയും അമേരിക്കയിലെ നിർമാണ ശൃംഖല വിപുലമാകുകയും ചെയ്യുമെന്ന് ബിർള വ്യക്തമാക്കി.
