പാകിസ്താനിലെ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടികളിലൊന്നായ ബ്രോഡ് പീക്കിലുണ്ടായ ഹിമപാതത്തിൽ, ലോകപ്രശസ്ത പർവ്വതാരോഹകൻ നിർമ്മൽ പുർജ ഉൾപ്പെടെ പത്ത് പർവ്വതാരോഹകരെ കാണാതായതായി ആശങ്ക. കാരക്കോറം നിരകളിൽ സ്ഥിതി ചെയ്യുന്ന 8,047 മീറ്റർ ഉയരമുള്ള ഈ കൊടുമുടിയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഹിമപാതമുണ്ടായത്.

ഇതിനുശേഷം നിർമ്മൽ പുർജയുടെ സംഘവുമായി യാതൊരുവിധ ആശയവിനിമയവും സാധ്യമായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യുഎസ്, ചൈനീസ്, ഒമാൻ പൗരൻമാർക്കൊപ്പം അഞ്ച് നേപ്പാളികളും അടങ്ങുന്ന ഈ പർവ്വതാരോഹണ സംഘത്തിന്റെ നായകനാണ് മുൻ റോയൽ മറീൻ ഉദ്യോഗസ്ഥനായ നിർമ്മൽ പുർജ. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് വെള്ളിയാഴ്ചയോടെ ഔദ്യോഗിക തെരച്ചിൽ ആരംഭിക്കുമെന്നും ഇതിനായി പാകിസ്താൻ സൈന്യം രണ്ട് ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്. 2019-ൽ ലോകത്തിലെ 8,000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികളും വെറും ആറുമാസത്തിനുള്ളിൽ കീഴടക്കി ചരിത്രമെഴുതിയ വ്യക്തിയാണ് നേപ്പാൾ-ബ്രിട്ടീഷ് വംശജനായ നിർമ്മൽ പുർജ.
World-renowned mountaineer Nirmal Purja and nine others are feared missing following a massive avalanche on Broad Peak in Pakistan
