എയർ ഇന്ത്യയുടെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (CEO) ആയി എത്യോപ്യൻ എയർലൈൻസിന്റെ മുൻ ഗ്രൂപ്പ് സി.ഇ.ഒ ആയ ടെവോൾഡ് ഗെബ്രേമറിയമിനെ (Tewolde Gebremariam) ടാറ്റാ ഗ്രൂപ്പ് നിയമിച്ചു. നിലവിലെ സി.ഇ.ഒ ക്യാമ്പ്ബെൽ വിൽസണ് പകരമാണ് അദ്ദേഹത്തിന്റെ നിയമനം. പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസും (PIA) അദ്ദേഹത്തെ മേധാവിയായി പരിഗണിച്ചിരുന്നെങ്കിലും, ടാറ്റാ ഗ്രൂപ്പ് ഈ മത്സരത്തിൽ വിജയിക്കുകയായിരുന്നു. ആവശ്യമായ ഔദ്യോഗിക അനുമതികൾ ലഭിക്കുന്ന മുറയ്ക്ക് അദ്ദേഹം അടുത്ത മാസം ചുമതലയേൽക്കും.

ആഫ്രിക്കയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായി എത്യോപ്യൻ എയർലൈൻസിനെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഗെബ്രേമറിയം. 37 വർഷത്തിലധികം വ്യോമയാന രംഗത്ത് പരിചയസമ്പത്തുള്ള അദ്ദേഹം, കമ്പനിയുടെ വാർഷിക വരുമാനം 1 ബില്യൺ ഡോളറിൽ നിന്ന് 5 ബില്യൺ ഡോളറാക്കി ഉയർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു. പാകിസ്ഥാൻ എയർലൈൻസിന്റെ ഓഫറുകളെ മറികടന്നാണ് ടാറ്റാ ഗ്രൂപ്പ് അദ്ദേഹത്തെ എയർ ഇന്ത്യയുടെ അടുത്ത ഘട്ട വളർച്ചയ്ക്കായി എത്തിച്ചിരിക്കുന്നത്.
എയർ ഇന്ത്യയുടെ പ്രാരംഭ ഘട്ട പ്രതിസന്ധികളും ലയന പ്രവർത്തനങ്ങളും ക്യാമ്പ്ബെൽ വിൽസന്റെ നേതൃത്വത്തിൽ പൂർത്തിയായതായി ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ വ്യക്തമാക്കി. വൻകിട എയർലൈനുകളെ വിജയകരമായി മാറ്റിമറിച്ച മുൻകാല അനുഭവസമ്പത്തുള്ള ഗെബ്രേമറിയമിന്റെ നേതൃത്വത്തിൽ എയർ ഇന്ത്യ വളർച്ചയുടെ പുതിയ പാതയിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കും മികച്ച സേവനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് എയർ ഇന്ത്യയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് താൻ ലക്ഷ്യമിടുന്നതെന്ന് പുതിയ സി.ഇ.ഒ പ്രതികരിച്ചു.
Tata Group appoints former Ethiopian Airlines chief Tewolde Gebremariam as the new CEO and MD of Air India, succeeding Campbell Wilson
