തിരുവനന്തപുരവും യുഎസ് നഗരങ്ങളും തമ്മിൽ വിവിധ മേഖലകളിൽ സഹകരണത്തിന് സാധ്യത. യുഎസ് യാത്രയുടെ ഭാഗമായി തിരുവനന്തപുരം കോർപറേഷൻ മേയർ വി.വി. രാജേഷ് വാഷിങ്ടൺ ഡിസിയിൽ എംബസി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകളിലാണ് ഇതുസംബന്ധിച്ച അനുകൂല തീരുമാനങ്ങൾ. വാഷിങ്ടണിലെ ഇന്ത്യൻ എംബസിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത മേയർ, കൾച്ചറൽ സെൽ ചാർജ് വഹിക്കുന്ന ഇന്ത്യൻ എംബസി കൗൺസിലർ ദേബേഷ് ബെഹ്റ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. യുഎസ്സിലെ വിവിധ നഗരങ്ങളും തിരുവനന്തപുരം കോർപറേഷനും ഐടി മേഖലയിലുൾപ്പെടെ സഹകരിക്കുകയാണെങ്കിൽ ഇരുരാജ്യങ്ങളുടെയും സർക്കാരുകളുമായി ബന്ധപ്പെട്ട് എംബസിയുടെ നിരന്തര ഇടപെടൽ വേണ്ടി വരും. കോർപറേഷൻ്റെ പദ്ധതി അവതരിച്ചപ്പോൾ എംബസി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അനുകൂല പ്രതികരണം ഇക്കാര്യങ്ങളിൽ ഏറെ പ്രതീക്ഷ നൽകിയെന്നും മേയർ അറിയിച്ചു.

ഐടി, സ്മാർട്ട് സിറ്റി, സാംസ്കാരിക കൈമാറ്റം, വിദ്യാഭ്യാസം, നഗരഭരണം തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ആരായുന്നത്. കൾച്ചറൽ എക്സ്ചേഞ്ചിൻ്റെ ഭാഗമായി കളരിപ്പയറ്റ്, കഥകളി ഉൾപ്പെടെ പാക്കേജ് ആക്കിയാൽ യുഎസ്സിൽ ഏറെ സാധ്യതകളുണ്ടെന്നും ഇന്ത്യൻ എംബസിക്ക് ഇത് പ്രൊമോട്ട് ചെയ്യാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചതായി മേയർ അറിയിച്ചു. എട്ട് ദിവസത്തെ യുഎസ് യാത്രയ്ക്കായി ഓഗസ്റ്റ് ഒന്നിനാണ് മേയർ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. യുഎസ് യാത്രയുടെ ഭാഗമായി, മുസ്സൂറി സിറ്റി മേയർ റോബിൻ എലക്കാട്ടിലുമായി വി.വി. രാജേഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. മാലിന്യ സംസ്കരണം, നായ സംരക്ഷണം, ഐടി എന്നിവ കേന്ദ്രീകരിച്ചായിരുന്നു ചർച്ചയെന്ന് മേയർ അറിയിച്ചു. ന്യൂജേഴ്സിയിൽ നടന്ന നമാം അവാർഡ് നൈറ്റിലും മേയർ പങ്കെടുത്തു. പരിപാടിയിൽവെച്ച് പ്രശസ്ത ക്യാൻസർ വിദഗ്ധൻ ഡോ. എം.വി.പിള്ളയുമായി മേയർ ചർച്ച നടത്തി
Thiruvananthapuram Mayor VV Rajesh held discussions with Indian Embassy officials in Washington DC to foster cooperation in IT, smart city, and cultural exchange
