അമേരിക്കൻ കോടതിയിലെ കേസ് തള്ളിയ പശ്ചാത്തലത്തിലും ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷ വേളയിലും, പ്രതിസന്ധികളെ അതിജീവിച്ച യാത്രയെക്കുറിച്ചും രാഷ്ട്രനിർമ്മാണത്തിലെ ദർശനങ്ങളെക്കുറിച്ചും മനസ്സ് തുറന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി.

യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് (DoJ) തനിക്കെതിരെ ഫയൽ ചെയ്തിരുന്ന ക്രിമിനൽ കേസ് ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് ന്യൂയോർക്ക് (EDNY) കോടതി ആഗസ്റ്റ് 10-ന് പൂർണ്ണമായി തള്ളിയിരുന്നു. കേസ് തള്ളിയെങ്കിലും അമിതാവേശമില്ലെന്നും, മറിച്ച് കൂടുതൽ വിനയത്തോടെ നിയമവ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.
അദാനി ഗ്രൂപ്പിന്റെ ‘അപ്നി ബാത്ത്, അപ്നോ കെ സാത്ത്’ (Apni Baat, Apno Ke Saath) പരിപാടിയിലൂടെ 700-ലധികം കേന്ദ്രങ്ങളിലെ മൂന്ന് ലക്ഷത്തോളം വരുന്ന ജീവനക്കാരെയും പങ്കാളികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിൻഡൻബർഗ് ആരോപണങ്ങളും അതിനുശേഷമുണ്ടായ നിയമപോരാട്ടങ്ങളും ഓർത്തെടുത്ത അദാനി, ‘സമുദ്രമഥനം’ എന്ന പുരാണ കഥയെ ഉദാഹരിച്ച് പ്രതിസന്ധികൾ ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ സ്വഭാവത്തെ നിർണ്ണയിക്കുകയല്ല, മറിച്ച് നമ്മുടെ ലക്ഷ്യത്തെക്കുറിച്ച് കൂടുതൽ വ്യക്തത അത് വെളിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് അഭിപ്രായപ്പെട്ടു.
നിയമപരമായി മുന്നോട്ട് പോകാൻ അവകാശമുണ്ടായിരുന്നിട്ടും 20,000 കോടി രൂപയുടെ എഫ്.പി.ഒ (FPO) പിൻവലിക്കാൻ ഗ്രൂപ്പ് തീരുമാനിച്ചത് ഇതിന് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. “നിയമപരമായ ഏത് അവകാശത്തേക്കാളും വലുതാണ് വിശ്വാസം” എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നിയമപോരാട്ടങ്ങളുടെ കാലഘട്ടത്തിലും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മികച്ച പ്രവർത്തന മികവ് പുറത്തെടുക്കാൻ അദാനി ഗ്രൂപ്പിന് സാധിച്ചതായി അദ്ദേഹം പറഞ്ഞു.. അദാനി കുടുംബത്തിലെ ഓരോ ജീവനക്കാരന്റെയും പങ്കാളികളുടെയും അചഞ്ചലമായ പിന്തുണയാണ് ഈ വെല്ലുവിള നിറഞ്ഞ ഘട്ടത്തെ ഏറ്റവും വലിയ വളർച്ചയുടെ കാലഘട്ടമാക്കി മാറ്റാൻ സഹായിച്ചതെന്ന് അദാനി സ്മരിച്ചു. കൂടാതെ കമ്പനിയെ വിമർശിച്ചവരോടും താൻ കടപ്പെട്ടിരിക്കുന്നുവെന്നും സ്വയം തിരുത്തലിനും മെച്ചപ്പെടലിനും വിമർശനങ്ങൾ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയിലെ നിയമനടപടികൾ തുടരുന്നതിനിടെ ഗ്രൂപ്പ് പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും, നീതിന്യായ നടപടികളെ ബഹുമാനിക്കുകയും, തങ്ങളുടെ പ്രതിബദ്ധതകൾ നിറവേറ്റുന്നത് തുടരുകയും ചെയ്തതായി അദാനി പറഞ്ഞു. ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഏറ്റവും സൂക്ഷ്മമായി നിരീക്ഷിക്കപ്പെട്ട കാലഘട്ടങ്ങളിലൊന്നായിരുന്നിട്ടും, ശക്തമായ ബിസിനസ് പ്രകടനം രേഖപ്പെടുത്താനും, നിർണായകമായ ഇൻഫ്രാസ്ട്രക്ചർ പദ്ധതികളിൽ മുന്നേറാനും വിവിധ മേഖലകളിലെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താനും ഗ്രൂപ്പിന് കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ആ കാലഘട്ടം അദാനി ഗ്രൂപ്പിന്റെ യഥാർത്ഥ ശക്തിയും വെളിപ്പെടുത്തി. പൊതുശ്രദ്ധ നിയമനടപടികളിൽ കേന്ദ്രീകരിച്ചിരുന്നപ്പോൾ, ജീവനക്കാർ, തൊഴിലാളികൾ, വിതരണക്കാർ, കരാറുകാർ, വെൻഡർമാർ, പങ്കാളികൾ എന്നിവർ നിശ്ശബ്ദമായി തങ്ങളുടെ ബിസിനസുകൾ മുന്നോട്ട് കൊണ്ടുപോകുകയും ഉപഭോക്താക്കൾക്ക് സേവനം നൽകുകയും പ്രതിബദ്ധതകൾ നിറവേറ്റുകയും ചെയ്തു. അവരുടെ അചഞ്ചലമായ സമർപ്പണം ഗ്രൂപ്പിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അധ്യായങ്ങളിലൊന്നിനെ ശക്തമായ വളർച്ചയുടെ കാലഘട്ടങ്ങളിലൊന്നാക്കി മാറ്റാൻ സഹായിച്ചതായി അദ്ദേഹം പറഞ്ഞു.
സത്യസന്ധത, വിനയം, വാക്ക് പാലിക്കൽ എന്നിവയാണ് തന്റെ ജീവിതത്തിലെ നിർണായക തീരുമാനങ്ങളുടെ അടിത്തറയായത്. ഒരു വാഗ്ദാനം നൽകിയാൽ അത് എപ്പോഴും പാലിക്കണമെന്ന പിതാവിന്റെ വിശ്വാസവും ത്യാഗത്തിന്റെയും കരുണയുടെയും മാതാവിന്റെ നിശ്ശബ്ദ മാതൃകയും ഇന്നും തന്നെ നയിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.
കൗമാരപ്രായത്തിൽ അവസരങ്ങൾ തേടി വീടുവിട്ടിറങ്ങിയത് ക്ലാസ് മുറികൾക്ക് നൽകാനാകാത്ത നിരവധി പാഠങ്ങൾ തനിക്ക് നൽകിയെന്നും അദാനി പറഞ്ഞു. ഒരു മുറിക്കാത്ത വജ്രം പോലെയാണ് സ്വഭാവമെന്നും, സ്ഥിരോത്സാഹം, അനുഭവം, പ്രതികൂല സാഹചര്യങ്ങൾ എന്നിവയിലൂടെയാണ് അതിന്റെ തിളക്കം പുറത്തുവരുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു. അവസരങ്ങൾ തേടി വീടിന്റെ പരിചിതമായ അന്തരീക്ഷം വിട്ടിറങ്ങി, രാഷ്ട്രനിർമാണത്തിന് സംഭാവന നൽകുകയും കുടുംബങ്ങൾക്ക് മികച്ച ഭാവി ഒരുക്കുകയും ചെയ്ത അദാനി കുടുംബത്തിലെ അനേകം അംഗങ്ങളുടെ കഥയുമായി തന്റെ ജീവിതകഥയ്ക്ക് പല തരത്തിലും സാമ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച അദാനി, ഈ അവസരം രാജ്യത്തിന്റെ നേട്ടങ്ങളുടെ ആഘോഷം മാത്രമല്ലെന്നും ഓരോ തലമുറയും വഹിക്കേണ്ട ഉത്തരവാദിത്വത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്ക് രാജ്യം നീങ്ങുമ്പോൾ, ഇന്ത്യ നിർമിച്ച ഇൻഫ്രാസ്ട്രക്ചർ മാത്രമല്ല ചരിത്രം ഓർക്കുകയെന്നും, അത് സൃഷ്ടിച്ച അവസരങ്ങളും അത് ശക്തിപ്പെടുത്തിയ സമൂഹവും, അത് പകർന്ന പ്രതീക്ഷയും ചരിത്രത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേവലം ലോകോത്തര ബിസിനസ്സുകൾ കെട്ടിപ്പടുക്കുക മാത്രമല്ല, വ്യക്തികൾക്കപ്പുറം നിലനിൽക്കുന്നതും വരും തലമുറകൾക്ക് ഉപകാരപ്പെടുന്നതുമായ പ്രസ്ഥാനങ്ങൾ പടുത്തുയർത്തി ‘വികസിത് ഭാരത്’ എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു.
Adani Group Chairman Gautam Adani addresses 3 lakh employees on the US DOJ case dismissal, Hindenburg saga, integrity, and building a Viksit Bharat
