വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തുനിന്നു ബാലരാമപുരത്തേക്കുള്ള ചരക്ക് നീക്കം സുഗമമാക്കാൻ നിർദ്ദിഷ്ട ഭൂഗര്‍ഭ റെയില്‍പാത അതിവേഗതയിൽ യാഥാർഥ്യമായേക്കും. പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബാലരാമപുരം ഭാഗത്തെ 11.5 ഏക്കര്‍ ഭൂമി അടുത്ത മാസത്തോടെ ഏറ്റെടുക്കും. വിഴിഞ്ഞം ഭാഗത്തുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികളും പുരോഗമിക്കുകയാണ്. 10.7 കിലോമീറ്റര്‍ നീളമുള്ള പാതയുടെ 9.02 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാണ്. ജനസാന്ദ്രതയുള്ള മേഖലകളില്‍ വീടുകൾക്കു താഴെ 35 മീറ്റര്‍ വരെ ആഴത്തിലാണു പാത കടന്നുപോകുക.

പിപിപി മാതൃകയില്‍ 1482 കോടി രൂപയുടെ ഭൂഗര്‍ഭ റെയില്‍പാത പദ്ധതിയാണു കൊങ്കണ്‍ റെയില്‍വേ നടപ്പാക്കുന്നത്. ദക്ഷിണ റെയില്‍വേയും വിഴിഞ്ഞം ഇന്റര്‍നാഷനല്‍ സീപോര്‍ട്ട് ലിമിറ്റഡ് വിസിലും തമ്മിലാണ് കരാര്‍ ഒപ്പുവച്ചിരിക്കുന്നത്. തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനം പൂര്‍ത്തിയാകുന്ന 2028 ഡിസംബര്‍ 31നുള്ളില്‍ റെയില്‍പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരും തുറമുഖത്തിന്റെനടത്തിപ്പുകാരായ അദാനി ഗ്രൂപ്പും തമ്മിലുള്ള കരാര്‍.
ലോകത്തെ തന്നെ പ്രധാനപ്പെട്ട തുറമുഖങ്ങളില്‍ ഒന്നായി വളരുന്ന വിഴിഞ്ഞത്തിന്റെ ഭാവിസാധ്യതകള്‍ കൂടി മുന്നില്‍കണ്ടു തുറമുഖത്തിന്റെ ശേഷി വര്‍ധിക്കുന്നതിന് ആനുപാതികമായി ചരക്കുനീക്കം സാധ്യമാകുന്ന തരത്തില്‍ ഭൂഗര്‍ഭ ടണല്‍ നിര്‍മിക്കുകയാണ് ലക്ഷ്യമെന്നും വിസില്‍ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2028 ഡിസംബര്‍ 31നുള്ളില്‍ റെയില്‍പാത യാഥാർഥ്യമായില്ലെങ്കിൽ വിഴിഞ്ഞം തുറമുഖത്തെത്തുന്ന ചരക്കുനീക്കത്തിനായി താത്കാലിക ബദല്‍ സംവിധാനങ്ങളും വിസില്‍ അധികൃതര്‍ ഒരുക്കുകയാണ് . എന്നാൽ ഇതിനു ചെലവ് ഏറുമെന്നാണ് കണക്കുകൂട്ടൽ. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്പറേഷന് മേൽനോട്ടത്തിലുള്ള മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക്സ് പാര്‍ക്ക്, ദുബായ് ആസ്ഥാനമായുള്ള ഷറഫ് ഗ്രൂപ്പ് എന്നിവരുടെ കണ്ടെയ്നര്‍ റെയില്‍ ടെര്‍മിനലുകള്‍ നേമം റെയിൽവേ സ്റ്റേഷന് സമീപം ഒരുങ്ങുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് അവിടേക്കു റെയില്‍ മാര്‍ഗം എത്തുന്ന കണ്ടെയ്നറുകള്‍ അവിടെനിന്ന് ട്രക്കുകളില്‍ തുറമുഖത്തേക്ക് എത്തിക്കാന്‍ കഴിയും. തുറമുഖത്തേക്കു നേരിട്ടു ട്രെയിന്‍ എത്തുന്നതു വരെ ബദല്‍ സംവിധാനമായി ഇതു പ്രവര്‍ത്തിക്കും.
The proposed underground railway line to streamline freight movement from Vizhinjam Port to Balaramapuram may soon become a reality. Land acquisition for the line is in its final stages.Konkan Railway is executing the ₹1,482 crore underground railway line project under the Public-Private Partnership (PPP) model. The agreement has been signed between Southern Railway and Vizhinjam International Seaport Limited (VISL).
As per the contract between the Government and the project operators, Adani Group, the construction of the railway line will be completed by December 31, 2028, coinciding with the completion of the port’s second phase of development.
