ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്ക് തങ്ങളുടെ കുടുംബാംഗങ്ങളുടെ ഇന്ത്യയിലെ യു.പി.ഐ അക്കൗണ്ടുകളിലേക്ക് അതിവേഗം പണം അയക്കാൻ പുതിയ സംവിധാനം നിലവിൽ വന്നു. ഖത്തർ പോസ്റ്റ് ഔട്ട്ലെറ്റുകൾ വഴി യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ‘പോസ്ട്രാസ്ഫർ’ (PosTransfer) വഴിയാണ് ഈ അന്താരാഷ്ട്ര പണമിടപാട് സേവനം ലഭ്യമാക്കിയിരിക്കുന്നത്.

അതിവേഗത്തിലും സുരക്ഷിതമായും കുറഞ്ഞ ചെലവിലും പണം അയക്കാൻ സാധിക്കുന്ന ഈ സംവിധാനം ഖത്തറിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് വലിയ ആശ്വാസമാകും. പോസ്റ്റൽ നെറ്റ്വർക്കുകളുടെ വ്യാപകമായ സൗകര്യവും ഇന്ത്യയുടെ ഡിജിറ്റൽ പൊതു ഇൻഫ്രാസ്ട്രക്ചറും സംയോജിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
ഖത്തർ പോസ്റ്റ്, ഇന്ത്യ പോസ്റ്റ്, യൂണിവേഴ്സൽ പോസ്റ്റൽ യൂണിയന്റെ ഇന്റർകണക്ഷൻ പ്ലാറ്റ്ഫോം (UPU-IP), എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL) എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ സേവനം വികസിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിലുള്ള സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, മറ്റ് രാജ്യങ്ങളിലെ പോസ്റ്റൽ ഓപ്പറേറ്റർമാരുമായി ചേർന്ന് സമാനമായ പുതിയ ഇടനാഴികൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ പോസ്റ്റ് ഇപ്പോൾ.
Qatar Post and India Post launch UPI-powered PosTransfer service, allowing Indian expats in Qatar to send money directly to UPI accounts in India smoothly
