ആഗോള ടെക്നോളജി അഡ്വൈസറി ആൻഡ് എക്സിക്യൂഷൻ സ്ഥാപനമായ പ്രമുഖ മലയാളി ഐടി കമ്പനിയായ സെയ്ന്റ്സ് & മാസ്റ്റേഴ്സ്, ഇന്ത്യൻ സംരംഭങ്ങൾക്കായി ‘ഓണം’ (Orchestrated Networks, Applications and Machines- ONAM) ക്ലൗഡ് പ്ലാറ്റ്ഫോം പുറത്തിറക്കി. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും മറ്റ് വ്യവസായ സ്ഥാപനങ്ങൾക്കും ഡാറ്റാ സുരക്ഷ, നിയമപരമായ ബാധ്യത തുടങ്ങിയവ നിലനിർത്തിക്കൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനുവേണ്ടി കൊച്ചി ഇൻഫോപാർക്ക് ഫേസ് രണ്ടിലെ കാസ്പിയൻ ടെക് പാർക്കിൽ കമ്പനി പുതിയ ഡെവലപ്മെന്റ് സെന്ററും ആരംഭിച്ചു. 200 തൊഴിലവസരം ഇതിലൂടെ ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ഇക്വിനിക്സ് ആണ് ഓണം ക്ലൗഡിന്റെ ഡാറ്റാ സെന്റർ പങ്കാളി. ആറ് ഭൂഖണ്ഡങ്ങളിലെ 35-ലധികം രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഇക്വിനിക്സിന്റെ 280-ലധികം ഡാറ്റാ സെന്ററുകൾ വഴി പരിപൂർണ്ണ നിയന്ത്രണത്തിലുള്ള ക്ലൗഡ് മേഖലകൾ വിന്യസിക്കാൻ ഓണം ക്ലൗഡിന് സാധിക്കും. മൈക്രോസോഫ്റ്റ് അസൂർ, എഡബ്ല്യുഎസ്, ഗൂഗിൾ ക്ലൗഡ് തുടങ്ങിയ പബ്ലിക് ക്ലൗഡ്, സാസ് സേവനങ്ങളിലേക്ക് നേരിട്ടുള്ള സുരക്ഷിത കണക്റ്റിവിറ്റിയും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.
2021-ൽ കൊച്ചി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച സെയ്ന്റ്സ് & മാസ്റ്റേഴ്സ്, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ 10,000 ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് ഓണം ക്ലൗഡ് സേവനം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ക്ലൗഡ് വിപണി വലിയ വളർച്ച കൈവരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ ചുവടുവെപ്പ്.
അന്താരാഷ്ട്ര ഏജൻസിയായ ഗാർട്ട്നറുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ പബ്ലിക് ക്ലൗഡ് ചെലവ് 2026-ഓടെ 17.5 ബില്യൺ യുഎസ് ഡോളറിലേക്ക് ഉയരും. പ്രൊപ്രൈറ്ററി ഹൈപ്പർവൈസർ അല്ലെങ്കിൽ ലൈസൻസിങ് നിബന്ധനകൾ ഇല്ലാതെ ഓപ്പൺ സ്റ്റാൻഡേർഡുകളിലാണ് ഓണം ക്ലൗഡ് നിർമ്മിച്ചിരിക്കുന്നതെന്നതിനാൽ ഉപഭോക്താക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യവും സുതാര്യതയും ലഭിക്കുമെന്നും ഓണം ക്ലൗഡിന്റെ സീനിയർ ക്ലൗഡ് ആർക്കിടെക്റ്റ് ഡിജീഷ് പടിഞ്ഞാറേതിൽ വ്യക്തമാക്കി.
ഇന്ത്യൻ ബിസിനസുകൾക്ക് വിശ്വസനീയവും ചെലവ് കുറഞ്ഞതുമായ അടിത്തറയാണ് ഓണം ക്ലൗഡ് നൽകുന്നതെന്ന് സെയ്ന്റ്സ് & മാസ്റ്റേഴ്സ് സിഇഒ ജയകൃഷ്ണൻ ജി അറിയിച്ചു. ഇന്ത്യയുടെ ഡിജിറ്റൽ സ്വയംപര്യാപ്തതയ്ക്കും വികസിത് ഭാരത് 2047 ലക്ഷ്യങ്ങൾക്കും ഇത് പിന്തുണ നൽകുന്നു. സമാനമായ മറ്റ് പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് മൊത്തം ചെലവിൽ 30 മുതൽ 40 ശതമാനം വരെ കുറവ് വരുത്താൻ ഓണം ക്ലൗഡിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പൂർണ്ണമായും രാജ്യത്തിനകത്തുതന്നെയുള്ള ഡാറ്റാ റെസിഡൻസിയോടെ കമ്പ്യൂട്ട്, സ്റ്റോറേജ്, നെറ്റ്വർക്കിംഗ് എന്നിവ ഉൾപ്പെടുന്ന ഇൻഫ്രാസ്ട്രക്ചർ-ആസ്-എ-സർവീസ് (IaaS) ആണ് ഓണം ക്ലൗഡ് വാഗ്ദാനം ചെയ്യുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയ്ക്കായുള്ള ജിപിയു കമ്പ്യൂട്ടിംഗും പ്ലാറ്റ്ഫോം-ആസ്-എ-സർവീസും (PaaS) അടുത്ത ഘട്ടത്തിൽ ലഭ്യമാക്കും.
വ്യത്യസ്ത ബിസിനസ്സ് ആവശ്യങ്ങൾക്കായി ഓണംപബ്ലിക് (സോവറിൻ പബ്ലിക് ക്ലൗഡ്), ഓണംപ്രൈവറ്റ് (ഡെഡിക്കേറ്റഡ് പ്രൈവറ്റ് ക്ലൗഡ്), ഓണം ബിവൈഒപിസി (ഓൺ-പ്രെമിസ് ഇൻഫ്രാസ്ട്രക്ചർ) വിഭാഗങ്ങളിൽ പ്ലാറ്റ്ഫോം ലഭ്യമാണ്.
ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ രൂപകൽപ്പന ചെയ്യുന്നതിലും വിന്യസിക്കുന്നതിലും ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് സെയ്ന്റ്സ് & മാസ്റ്റേഴ്സ്. ഐഎസ്ഒ 27001 സർട്ടിഫിക്കേഷനുള്ള കമ്പനിക്ക് ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലെ ഓഫീസുകളിലായി 350-ലധികം ജീവനക്കാരുണ്ട്. വിവിധ രാജ്യങ്ങളിലായി സെയ്ന്റ്സ് & മാസ്റ്റേഴ്സ്. മുന്നൂറിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകി വരുന്നു.
Prominent Keralite IT firm Saints & Masters has launched ‘ONAM’ (Orchestrated Networks, Applications and Machines), a cloud platform tailored for Indian enterprises. The company has also established a new development center at Caspian Techpark in Infopark Phase II, Kochi, which is expected to generate 200 job opportunities. Founded in 2021 with its headquarters in Kochi, Saints & Masters aims to deliver its ONAM cloud services to 10,000 small and medium-sized enterprises across India over the next three years.
