മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ യാഥാർത്ഥ്യമാക്കലും രാജ്യത്ത് 7 നാനോമീറ്റർ സെമികണ്ടക്ടർ നിർമ്മാണ ശേഷി കൈവരിക്കലുമാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് കേന്ദ്ര റെയിൽവേ, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. മോർഗൻ സ്റ്റാൻഡിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയുടെ ഭാവി പദ്ധതികളെക്കുറിച്ച് സംസാരിച്ചത്.

ഘട്ടം ഘട്ടമായുള്ള പദ്ധതികളിലൂടെ കഴിഞ്ഞ പത്തു വഞഷംകൊണ്ടുതന്നെ രാജ്യത്തിന്റെ ഇലക്ട്രോണിക്സ് ഉത്പാദനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ സാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2014-15 സാമ്പത്തിക വർഷത്തിൽ 1,500 കോടി രൂപയായിരുന്ന മൊബൈൽ ഫോൺ കയറ്റുമതി 2025-26 ആയപ്പോഴേക്കും 2.59 ലക്ഷം കോടി രൂപയായി ഉയർന്നു.
റെയിൽവേ ചരക്കുനീക്കം മെച്ചപ്പെട്ടതിലൂടെ രാജ്യത്തെ വ്യാവസായിക രംഗത്തെ ചരക്കുകൂലി കുറയ്ക്കാനും ഉത്പാദനക്ഷമത വർദ്ധിപ്പിക്കാനും സാധിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരു ദശാബ്ദത്തിന് മുമ്പ് 1,000 ദശലക്ഷം ടൺ ചരക്ക് കൈകാര്യം ചെയ്തിരുന്ന സ്ഥാനത്ത് ഇന്ന് അത് 1,670 ദശലക്ഷം ടണ്ണായി ഉയർന്നു. സാങ്കേതിക രംഗത്തും ഉത്പാദന മേഖലയിലും ഇന്ത്യ കൈവരിച്ച ഈ മുന്നേറ്റം രാജ്യത്തെ ആഗോളതലത്തിൽ കൂടുതൽ ശക്തമായ ഒരു സാമ്പത്തിക ശക്തിയാക്കി മാറ്റുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.
Union Minister Ashwini Vaishnaw highlights achieving 350 kmph Bullet Train service and 7-nanometre semiconductor manufacturing as key national priorities
