തിരുവനന്തപുരം വിമാനത്താവളത്തിന്റെ 8,707 കോടി രൂപയുടെ വികസന പദ്ധതിക്ക് സ്റ്റേറ്റ് എക്സ്പേർട്ട് അപ്പ്രൈസൽ കമ്മിറ്റി-1 (SEAC-1) ന്റെ പാരിസ്ഥിതിക അനുമതി ലഭിച്ചു. പത്ത് വർഷത്തേക്കാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതിയും (EC) തീരദേശ പരിപാലന മേഖല (CRZ) അനുമതിയും കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്. ഈ സുപ്രധാന തീരുമാനത്തിലൂടെ, സംസ്ഥാന എൻവയോൺമെന്റ് ഇംപാക്ട് അസ്സെസ്മെന്റ് അതോറിറ്റിയുടെ (SEIAA) അന്തിമ ഉത്തരവിന് വഴിതെളിഞ്ഞിരിക്കുകയാണ്.

തിരുവനന്തപുരം ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (TIAL) നേതൃത്വത്തിലുള്ള ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വിമാനത്താവളത്തിന്റെ വാർഷിക യാത്രാ ശേഷി 27 ദശലക്ഷമായി ഉയരും. കൂടാതെ കാർഗോ ശേഷി പ്രതിവർഷം 4.2 ലക്ഷം മെട്രിക് ടണ്ണായി വർദ്ധിക്കും. രണ്ട് നിലകളിലായി നവീകരിച്ച ടെർമിനലുകൾ, ആധുനിക ഡിജിറ്റൽ സംവിധാനങ്ങൾ, വിപുലീകരിച്ച വിമാന പാർക്കിംഗ് ഏരിയകൾ, അത്യാധുനിക കാർഗോ കോംപ്ലക്സ് എന്നിവ പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്കായി ഒരുക്കും.
ആദ്യ ഘട്ടത്തിൽ ഗതാഗത തടസ്സമില്ലാതെ നിലവിലുള്ള സ്ഥലത്ത് 3,700 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. 2032-ഓടെ യാത്രക്കാരുടെ ശേഷി 1.2 കോടിയായി ഉയർത്തുകയാണ് ലക്ഷ്യം. പദ്ധതി പ്രദേശത്തെ സുസ്ഥിര വികസനത്തിനായി പരിസ്ഥിതി മാനേജ്മെന്റ് പ്ലാനിനും കോർപ്പറേറ്റ് എൻവയോൺമെന്റൽ റെസ്പോൺസിബിലിറ്റിക്കും (CER) TIAL വലിയ തുക വകയിരുത്തിയിട്ടുണ്ട്.
2025 ഓഗസ്റ്റ് മാസത്തിൽ നടത്തിയ പാരിസ്ഥിതിക പൊതു തെളിവെടുപ്പിൽ ഭൂമി ഏറ്റെടുക്കൽ, മരംമുറി, പ്രാദേശിക തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ നാട്ടുകാർ ഉന്നയിച്ച ആശങ്കകളും പരിഗണിച്ചിരുന്നു. നിർമാണത്തിനിടെ ലഭിക്കുന്ന മണ്ണ് പരമാവധി പദ്ധതി പ്രദേശത്ത് തന്നെ സംഭരിച്ച് ലെവൽ ഉയർത്താനാണ് തീരുമാനം.
Thiruvananthapuram Airport’s ₹8,707-crore expansion project secures environmental clearance from SEAC. Learn how the major overhaul will boost passenger capacity and cargo handling
