അമേരിക്കയുമായുള്ള ജാവലിൻ (Javelin) മിസൈൽ കരാറിന് പിന്നാലെ, ഈ ആധുനിക ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകൾ ഇന്ത്യയിൽ സംയുക്തമായി നിർമ്മിക്കുന്നതിനായി ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) യു.എസിലെ റേതിയോൺ, ലോക്ക്ഹിഡ് മാർട്ടിൻ കൂട്ടായ്മയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. അമേരിക്കൻ കമ്പനികളുടെ സംയുക്ത സംരംഭമായ ജാവലിൻ ജോയിന്റ് വെഞ്ചറുമായി (JJV) ഉണ്ടാക്കിയ ഈ കരാർ പ്രകാരം ഇന്ത്യയിൽ ജാവലിൻ മിസൈലുകളുടെ അന്തിമ കൂട്ടിച്ചേർക്കലും നിർമ്മാണ യൂണിറ്റും സ്ഥാപിക്കുന്നത് ടി.എ.എസ്.എൽ പരിശോധിക്കും. ഇന്ത്യയുടെ പ്രതിരോധ വ്യാവസായിക അടിത്തറ ശക്തമാക്കുന്നതിനൊപ്പം ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കുമെന്നാണ് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

ഈ പങ്കാളിത്തത്തിലൂടെ അമേരിക്കയിലെ പ്ലാന്റുകളിൽ നിർമ്മിക്കുന്ന സബ്-അസംബ്ലി കിറ്റുകളും ഗൈഡൻസ് ഇലക്ട്രോണിക്സ് യൂണിറ്റുകളും ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയും ഇവിടെ വെച്ച് കൂട്ടിച്ചേർത്ത് പൂർണ്ണരൂപത്തിലാക്കുകയും ചെയ്യും. എളുപ്പത്തിൽ കൊണ്ടുനടന്ന് പ്രയോഗിക്കാവുന്നതും കവചിത വാഹനങ്ങളെ അതികൃത്യതയോടെ തകർക്കാൻ കഴിയുന്നതുമാണ് ലോകപ്രശസ്തമായ ജാവലിൻ മിസൈൽ സംവിധാനം. ആധുനിക മൂന്നാം തലമുറ ആന്റി-ടാങ്ക് മിസൈലുകൾക്കായുള്ള ഇന്ത്യൻ സൈന്യത്തിന്റെ ദീർഘകാലമായുള്ള ആവശ്യത്തിന് ഈ തദ്ദേശീയ നിർമ്മാണത്തിലൂടെ വലിയ പരിഹാരമാകും.
Tata Advanced Systems signs an MoU with Lockheed Martin and Raytheon’s Javelin Joint Venture to co-produce shoulder-fired Javelin anti-tank missiles in India
