പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനം വെടിവെച്ചിട്ടതിന് വീരചക്ര ലഭിച്ച യുദ്ധവിമാന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന് വര്ധമാന് ഇനി യാത്രാവിമാനം പറത്തും. ഇന്ത്യൻ വ്യോമസേനയിൽ നിന്ന് വിരമിച്ച അദ്ദേഹം രാജ്യത്തെ പ്രാദേശിക വിമാന കമ്പനിയായ ‘ഫ്ലൈ91’-ൽ (FLY91) കൊമേഴ്സ്യൽ പൈലറ്റായാണ് പുതിയ കരിയർ ആരംഭിക്കുന്നത്. ഓഗസ്റ്റിലാണ് ഗോവ ആസ്ഥാനമായുള്ള ഈ എയർലൈനിൽ അദ്ദേഹം ജോലിക്കെത്തിയത്. ആവശ്യമായ പരിശീലനങ്ങളും നിയമപരമായ നടപടികളും പൂർത്തിയാക്കിയ ശേഷം കമ്പനിയുടെ എ.ടി.ആർ 72-600 (ATR 72-600) വിമാനങ്ങൾ അദ്ദേഹം പറത്തും.

2019-ലെ ഇന്ത്യ-പാക് വ്യോമാക്രമണത്തിനിടയിൽ പാകിസ്ഥാന്റെ എഫ്-16 വിമാനം വെടിവെച്ചിടുകയും, തുടർന്ന് ശത്രുക്കളുടെ പിടിയിലകപ്പെടുകയും ചെയ്തതോടെയാണ് അഭിനന്ദൻ വർദ്ധമാൻ രാജ്യത്തിന്റെ ശ്രദ്ധ ആകർഷിച്ചത്. മൂന്ന് ദിവസത്തെ തടവിനുശേഷം മോചിതനായ അദ്ദേഹത്തിന് രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന യുദ്ധകാല ധീരതയ്ക്കുള്ള പുരസ്കാരമായ ‘വീരചക്ര’ നൽകി ആദരിച്ചിരുന്നു. വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന് 2021ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം നല്‍കിയത്. 22 വർഷത്തെ സേവനത്തിന് ശേഷമാണ് അദ്ദേഹം വ്യോമസേനയിൽ നിന്ന് വിരമിച്ചത്. ഇപ്പോൾ കൊമേഴ്സ്യൽ ആകാശ യാത്രയുടെ പുതിയൊരു അധ്യായത്തിലേക്ക് കടക്കുകയാണ് അദ്ദേഹം.
IAF hero and Vir Chakra recipient Group Captain Abhinandan Varthaman joins regional airline FLY91 as a commercial pilot after retiring from 22 years of military service
